ചെന്നൈ: ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരൻ സ്വയം ഷോക്കേൽപ്പിച്ച് മരിച്ചു.
തമിഴ്നാട് തേനി സ്വദേശി കാർത്തികേയനെ (38)യാണ് ചെന്നൈക്കടുത്ത് ഓൾഡ് മഹാബലിപുരം റോഡിൽ താഴമ്പൂരിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം മുഴുവൻ വൈദ്യുതക്കമ്പികൾ ചുറ്റിയ നിലയിലായിരുന്നു.ക്ഷേത്ര ദർശനത്തിന് പോയ ഭാര്യ ജയറാണി തിരിച്ചെത്തിയപ്പോഴാണ് കാർത്തികേയനെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം രണ്ട് മക്കളെയും അമ്മയുടെ അടുത്താക്കിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ജയറാണി ക്ഷേത്ര ദർശനത്തിന് പോയിരുന്നു. വൈകുന്നേരം ജയറാണി തിരികെയെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഇവർ വാതിൽ തട്ടി വിളിച്ചിട്ടും കാർത്തികേയൻ തുറന്നില്ല. തുടർന്ന് സ്പെയർ കീ ഉപയോഗിച്ച് ജയറാണി വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ശരീരമാകെ വൈദ്യുതക്കമ്പികൾ ചുറ്റിയ നിലയിൽ കാർത്തികേയനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ അയൽവാസികളെ വിവരമറിയിക്കുകയും അവർ താഴമ്പൂർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പൊലീസെത്തി കാർത്തികേയൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപേട്ട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. ജോലി സമ്മർദ്ദം താങ്ങാനാകാതെ കഴിഞ്ഞ രണ്ട് മാസമായി യുവാവ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
പല്ലാവരത്തെ ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ 15 വർഷം മുൻപാണ് കാർത്തികേയൻ ജോലിക്ക് ചേർന്നത്. അടുത്തിടെയായി ജോലി ഭാരത്തെ കുറിച്ച് പരാതി പറയാറുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.