കവന്‍ട്രി: അത്യന്തം ആകസ്മികവും വേദനാജനകവും ആയ മരണത്തെ ഉള്‍ക്കൊള്ളാനാകാതെ മക്കളെ തനിച്ചാക്കി കടന്നു പോയ കോട്ടയം സ്വദേശി ദമ്പതികള്‍ അനില്‍ ചെറിയാന് എന്ന റോണിക്കും പത്നി സോണിയയ്ക്കും ഇനി യുകെയുടെ മണ്ണില്‍ അന്ത്യ നിദ്ര.
മരിക്കാന്‍ തയ്യാറെടുക്കും മുന്‍പ് അനില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ഫോണ്‍ സന്ദേശത്തില്‍ തങ്ങളെ ഒന്നിച്ചു റെഡ്ഢിച്ചില് തന്നെ അടക്കണമെന്നും മക്കള്‍ക്ക് യുകെയില്‍ തുടരാന്‍ സാഹചര്യം ഒരുക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ അനിലിന്റെ അന്ത്യാഭിലാഷം സാധ്യമാകാനുള്ള പ്രയത്നമാണ് റെഡ്ഢിച്ചിലെ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുന്നത്.
ഉത്രാട നാളിലാണ് അനിലിനും സോണിയയ്ക്കും വിട നല്കാന് റെഡ്ഢിച്ചിലെ മലയാളി സമൂഹം തയ്യാറെടുക്കുന്നത്. ഓണാഘോഷത്തിന്റെ സകല തിരക്കും ആഘോഷങ്ങളും മാറ്റി വച്ച് തങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയ ദമ്പതികള്‍ക്ക് റെഡ്ഢിച്ചിലെ മലയാളി സമൂഹം എന്നന്നേക്കുമായി വിട നല്‍കും.
മുട്ടുവേദനയ്ക്ക് ചികിത്സാ തേടി നാട്ടില്‍ പോയി മടങ്ങി എത്തിയ സോണിയ വിമാനത്താവളത്തില്‍ നിന്നും വീട്ടില്‍ എത്തിയ ഉടനെ കഴിഞ്ഞ മാസം 18നു സോണിയ ഭര്‍ത്താവിന്റെ കൈകളില്‍ കിടന്ന് അവസാന ശ്വാസം എടുത്തു മരണത്തിലേക്ക് വീഴുമ്പോൾ ആ കാഴ്ച ഹൃദയത്തില്‍ നീറ്റലായി പടരുകയും അതില്‍ നിന്നും ഇനിയൊരിക്കലും മോചനം സാധ്യമാകില്ല എന്ന ചിന്തയോടെയാകാം അനിലും ഭാര്യ പോയ വഴിയേ ജീവിതം ത്യജിച്ചത്.
നീണ്ട 12 വര്‍ഷത്തെ പ്രണയ ശേഷം ഒന്നിച്ചു ജീവിതം തുടങ്ങിയ അനിലിനും സോണിയയ്ക്കും വിധി തിരിച്ചടി നല്കിയപ്പോൾ അവരുടെ പ്രണയ തീവ്രതയുടെ ഇഷ്ടത്തെക്കുറിച്ചാണ് ഇപ്പോള്‍ സുഹൃത്തുക്കളൊക്കെ പരിതപിക്കുന്നത്. ദമ്പതികള്‍ ഇരുവരും അത്രയ്ക്ക് പരസ്പരം താങ്ങും തണലും ആയി നിന്നവരാണ്. അതിനാല്‍ ഒരാളുടെ പൊടുന്നനെയുള്ള വേര്‍പാട് മറ്റൊരാള്‍ക്ക് താങ്ങാനോ ഉള്‍ക്കൊള്ളാനോ കഴിയാതെ പോകുക ആയിരുന്നു. അനില്‍ ദുര്‍ബല ചിത്തന് ആണെന്ന് ഉറപ്പുള്ള സുഹൃത്തുക്കള്‍ പലരും അദ്ദേഹത്ത കണ്ണിമ ചിമ്മാതെ ശ്രദ്ധിക്കണമെന്ന് പലവട്ടം ഓര്‍മ്മപ്പെടുത്തല്‍ നടത്തിയെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തില്‍ അനിലും സോണിയക്കൊപ്പം ഓര്മ്മതീരത്തെത്തുക ആയിരുന്നു.
കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതോടെ സംസ്കാര കര്‍മങ്ങള്‍ക്ക് അതിവേഗ നടപടികളാണ് റെഡ്ഢിച്ചില് സാധ്യമായിരിക്കുന്നത്. മൃതദേഹങ്ങള്‍ ഏറ്റെടുത്ത ഫ്യൂണറല്‍ ഡിറക്റ്റേഴ്സ് സംസ്കാര ചടങ്ങുകള്‍ക്ക് ഏറ്റവും വേഗത്തില്‍ സാധ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുക ആയിരുന്നു. ബ്രിട്ടനിലെ നടപടി ക്രമങ്ങള്‍ അനിലിന്റേയും സോണിയയുടെയും കുടുംബങ്ങളെ അറിയിച്ച ശേഷം സംസ്കാര ചടങ്ങുകള്‍ യുകെയില്‍ നടത്താന്‍ പൂര്‍ണ അനുമതി പത്രം എഴുതി ഒപ്പിട്ടു വാങ്ങുക ആയിരുന്നു.
സംസ്കാര കര്‍മ്മങ്ങള്‍ ഈ മാസം സെപ്റ്റംബർ 14 ശനിയാഴ്ച ഉച്ചക്ക് റെഡ്ഢിച്ചിലെ ഔര്‍ ലേഡി മൗണ്ട് കാര്‍മല്‍ പള്ളിയിലാണ് നടക്കുക. ചടങ്ങുകള്‍ക്ക് ഫാ. സാബി മാത്യു നേതൃത്വം നല്‍കും. തുടര്‍ന്ന് ക്രിമറ്റോറിയത്തില്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും.
Funeral Mass:
Beoley Rd W,
Redditch
B98 8LT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.