വയനാട്: കോണ്‍ഗ്രസ് നേതാവും മുൻ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് അഭ്യർത്ഥനയുമായി നാട്ടുകാർ. മുണ്ടക്കൈയിലെ ദുരന്തമേഖലയില്‍ വച്ചാണ് സംഭവം നടന്നത്.
പ്രദേശത്തെ പോലീസുകാരെ ഉള്‍പ്പെടെ ഇവിടെ നിന്നും ഒഴിവാക്കണം എന്ന ആവശ്യം ചൂണ്ടിക്കാട്ടിയായിരുന്നു യുവാക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാർ പ്രതിഷേധിച്ചത്. ഇതിനിടെ മേഖലയില്‍ എത്തിയ രാഹുലിന്റെ വാഹനം തടഞ്ഞുനിർത്താനും ശ്രമമുണ്ടായി.രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാർ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചു. അങ്ങ് ഇവിടുത്തെ എംപിയാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവർ സംസാരിക്കാൻ ശ്രമിച്ചത്. ദയവ് ചെയ്‌ത് പോലീസും മറ്റും ഇവിടേക്ക് വരേണ്ട എന്നും ഇവർ പറഞ്ഞിരുന്നു. കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖിനോടും പ്രതിഷേധക്കാർ അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു.
പോലീസ് നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരില്‍ ചിലർ പ്രതിഷേധിച്ചത്. ഞങ്ങളുടെ നാട് നന്നാക്കാൻ ഞങ്ങള്‍ക്ക് അറിയാം എന്നായിരുന്നു നാട്ടുകാർ പറഞ്ഞത്. ദുരന്തത്തില്‍ തകർന്ന കടകള്‍ ഉള്‍പ്പെടെ നന്നാക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നും തങ്ങളുടെ ജീവിതം വഴിമുട്ടിയെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പോലീസുകാർ പോയിട്ട് മറ്റുള്ള കാര്യങ്ങള്‍ നോക്കട്ടെ. ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ വിളിക്കാം. ഇവിടെയുള്ള കാര്യങ്ങള്‍ ഒക്കെ ശരിയാക്കി എടുക്കാൻ നാട്ടുകാർക്ക് ഇങ്ങോട്ട് വരണം.
കടകളില്‍ ആളുകള്‍ വന്നാല്‍ സാധനങ്ങള്‍ വാങ്ങാൻ പോലും പറ്റില്ല. ഇവിടെ നിന്ന് മേപ്പാടിയിലേക്ക് സാധനങ്ങള്‍ വാങ്ങാൻ പോവുമ്പോള്‍ പോലും ആധാർ കാർഡ് ഉള്‍പ്പെടെയുള്ളവ ചോദിക്കുകയാണ്, എന്തിനാണത്?' പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.
'ഞങ്ങള്‍ക്ക് നിലവില്‍ ഇവിടെ ഒരു ഡിപ്പാർട്മെന്റും ആവശ്യമില്ല. നാട്ടില്‍ വേറെ എവിടെയും പോലീസുകാർ വേണ്ടേ, എല്ലാവരും ഇവിടെയാണുള്ളത്. അവര് പൊയ്‌ക്കോട്ടെ ഞങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ വിളിച്ചോളാം. പാലത്തില്‍കൂടി വിഐപി വരുന്നെന്നാണ് ഇപ്പോള്‍ ഒരാള്‍ പറഞ്ഞത്. അയാള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണോ പാലം?' അദ്ദേഹം തുടർന്നു.
ഞാനും അയാളുടെ പാർട്ടിക്കാരനാണ്, ഇവിടുത്തെ ജനങ്ങളാണ് അയാളെ ജയിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ പറയുകയാണ് ഞങ്ങള്‍ക്ക് എംഎല്‍എ വേണ്ട, എംപി വേണ്ട. മേപ്പാടി പോയിട്ട് ക്യാമ്പിലെ കാര്യങ്ങള്‍ നോക്കിക്കോട്ടെ. അവരുടെ മേലൊക്കെ ഒരുതുള്ളി ചെളി ആയിട്ടുണ്ടോന്ന് നോക്ക് നിങ്ങള്‍, പൊലീസുകാരെ നോക്ക് നിങ്ങള്‍. അവരുടെ മേലുമില്ല. കുറ്റം പറയുകയല്ല ഞങ്ങള്‍' അദ്ദേഹം പറഞ്ഞു.
നാല് ദിവസം കഴിഞ്ഞാല്‍ ജനങ്ങള്‍ ഇവിടേക്ക് ഇറങ്ങും. അതിന് മുൻപ് ഞങ്ങള്‍ക്ക് ഈ കടകളൊക്കെ നന്നാക്കണം. അതിന് ഞങ്ങളെ അനുവദിക്കുന്നില്ല. ഞങ്ങള്‍ എവിടെപോയാണ് സാധനങ്ങള്‍ വാങ്ങിക്കുക.
പതിനഞ്ച് കിലോമീറ്റർ ദൂരെയുള്ള മേപ്പടിയിലോ? എത്ര ദിവസം നിങ്ങള്‍ സംഘാനക്കാരുടെ പൊതിച്ചോർ തരും. നിങ്ങളുടെ പരിധി കഴിഞ്ഞാല്‍ നിങ്ങള്‍ പോവും. പിന്നെ ഞങ്ങളെന്താണ് ചെയ്യണ്ടത്? ഞങ്ങള്‍ക്കും ജീവിക്കണ്ടേ' പ്രതിഷേധക്കാർ പറയുന്നു.
'പോയ ആളുകള്‍ക്ക് സർക്കാർ കൊടുക്കും ഉറപ്പാണ്. വീടും കൊടുക്കും സ്ഥലവും കൊടുക്കും. ഞങ്ങള്‍ക്ക് എന്ത് കിട്ടും? ഞങ്ങളുടെ വരുമാനവും നിലച്ചല്ലോ. ഏലവയല്‍ വിട്ട് പുറത്ത് പോവാൻ പോലും പറ്റുന്നില്ല.
ഇന്നലെ അവിടെയുള്ള ആളുകള്‍ ഒക്കെ പട്ടിണിയായിരുന്നു. അവിടെയൊന്നും ദുരന്തം ബാധിച്ചിട്ടില്ല, പക്ഷേ അവർക്കും മേപ്പാടി പോവാൻ പാടില്ല, പുറത്തിറങ്ങരുത്' പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.