വയനാട്: പ്രകൃതിയുടെ താണ്ഡവത്താല്‍ ദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും കരുണയുടെ കാവലായ് മാറിയ 3 കൊമ്പന്മാരും അവർക്കൊപ്പം ജീവിതത്തിലേക്ക് പിടിച്ചുകയറിയ സുജാതയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കോരിച്ചൊരിയുന്ന മഴയില്‍ കൊച്ചുമകളുടെ കയ്യും പിടിച്ച് ജീവനും കൊണ്ട് പാഞ്ഞ സുജാത എത്തിച്ചേർന്നത് 3 കൊമ്പന്മാരുടെ മുന്നില്‍.ഒരു നിമിഷം സ്തംഭിച്ചു പോയ ചൂരല്‍മല അഞ്ഞിശച്ചിലയില്‍ സുജാത സാവധാനം പറഞ്ഞു, "വലിയ ദുരിതത്തില്‍നിന്നാണ് ഞങ്ങള്‍ വരുന്നത്, നിനക്ക് നല്ല മനസ്സുണ്ടെങ്കില്‍ എന്നേയും കുട്ടിയേയും ഒന്നും ചെയ്തേക്കല്ലേ. പേടിയാണ്. വെളിച്ചമില്ല. ചുറ്റിലും വെള്ളമാണ്. എങ്ങനെയോ നീന്തിക്കയറിയെത്തിയതാണ്. നീ ഞങ്ങളെ ഒന്നും കാണിക്കല്ലേ...'' എന്ന്.
അതു കേട്ട കൊമ്പന്റെ രണ്ടു കണ്ണുകളും നിറഞ്ഞു(തോന്നലാകാം) വെന്നും കൊമ്പന്റെ കാല്ച്ചുവട്ടില് താനും കൊച്ചുമകളും ഇരുന്നവെന്നും സുജാത പറയുന്നു. 3 കാട്ടാനകളാണ് ഉണ്ടായിരുന്നത്. ആ രാത്രിയില്‍ ഇതുപോലെ എത്രയോ മനുഷ്യർ ജീവനും കൊണ്ട് ഓടിയിട്ടുണ്ടാകാം.
അത് പോലെ തന്നെ എത്രയോ ജീവജാലങ്ങളും ചത്തു വീണു. എന്നാല്‍ തന്റ മുന്നില്‍ അഭയം തേടിയെത്തിയ രണ്ട് ജീവനുകളെ വെളുക്കുവോളം സംരക്ഷിച്ച കാട്ടാനകളെക്കുറിച്ച് പറയുമ്പോള്‍ സുജാതയ്ക്ക് ഞെട്ടലിനേക്കാളുപരി അവയോട് നന്ദിയുമുണ്ട്.
കടലുപോലെ വെള്ളം നിറഞ്ഞു. മരങ്ങളും മണ്ണുമെല്ലാം ഒഴുകിവരുന്നു. അയല്‍വാസിയുടെ രണ്ടുനില വീട് മറിഞ്ഞുവീഴുന്നതാണ് പുറത്തേക്കുനോക്കിയപ്പോള്‍ കാണുന്നത്. അതു വന്നുവീണ് ഞങ്ങളുടെ വീടും തകർന്നു.
അടുക്കളയിലെ അടുപ്പിന്റെ സ്ലാബ് വഴി പുറത്തേക്കുകടക്കുന്നതിനിടെയാണ് പേരക്കുട്ടി മൃദുലയുടെ രക്ഷിക്കണേയെന്ന നിലവിളികേട്ടത്. അവളുടെ ചെറുവിരലില്‍ പിടികിട്ടി. തുണികൊണ്ട് കൂട്ടിപ്പിടിച്ച് പുറത്തേക്കെടുത്ത് മലവെള്ളത്തിലൂടെ നീന്തിയാണ് രക്ഷപ്പെട്ടതെന്നും സുജാത പറയുന്നു.
അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു മകൻ ഗിഗീഷും ഭാര്യ സുജിതയും മകൻ സൂരജും ഉണ്ടായിരുന്നത്. മകൻ ഓരോരുത്തരേയായി വെള്ളത്തിലൂടെ വലിച്ചുകയറ്റി. സുജിതയുടെ നട്ടെല്ലിനും സൂരജിന്റെ നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
എല്ലാവരെയും കരയിലെത്തിച്ച് കാപ്പിക്കാടിനു നടുവിലൂടെ പോവുമ്പോഴാണ് കൊമ്പന്മാരുടെ മുന്നിലെത്തിയതെന്ന് സുജാത പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.