തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ പതിമൂന്നുകാരി അസം ബാലികയെ ഇന്ന് കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.
ഇപ്പോള്‍ വിശാഖപട്ടണത്ത് ഒബ്സര്‍വേഷന്‍ ഹോമില്‍ സംരക്ഷണയിലുള്ള കുട്ടിയെ തിരുവനന്തപുരത്ത് നിന്നു പോയ പൊലീസ് സംഘത്തിനു ഇന്ന് ഉച്ചയോടെ കൈമാറും. കഴക്കൂട്ടം എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ നാലംഗ സംഘമാണു ട്രെയിനില്‍ ഇന്നലെ വിശാഖപട്ടണത്തേക്കു പോയത്.നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയെ കേരള പൊലീസിന് കൈമാറി ഉടൻ തിരുവനന്തപുരത്ത് എത്തിക്കാനാണ് തീരുമാനം. വിമാനം വഴി കുട്ടിയെ തിരികെയെത്തിക്കുന്ന കാര്യത്തിനാണ് മുൻഗണന. അതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുട്ടിയെ തിരികെയെത്തിച്ച് ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശമനുസരിച്ച് മാതാപിതാക്കള്‍ക്ക് കൈമാറാനാണു സാധ്യത. കുട്ടി ആരോഗ്യവതിയാണെന്നും വിശദമായ മൊഴിയെടുക്കേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
50 രൂപയുമായി വീട്ടില്‍ നിന്നിറങ്ങിയ പതിമൂന്നുകാരി ഒറ്റയ്ക്ക് സഞ്ചരിച്ചത് 1,650 കിലോമീറ്റര്‍ ദൂരമാണ്. മൂന്ന് സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. ഒടുവില്‍ മലയാളികളുടെ കൂട്ടായ്മയാണ് വിശാഖപട്ടണത്ത് ട്രെയിനില്‍ ബുധനാഴ്ച രാത്രി 10ന് കുട്ടിയെ കണ്ടെത്തിയത്.
ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ അവശയായ നിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് കുട്ടിക്ക് ഭക്ഷണം വാങ്ങി നല്കി. റെയില്‍വേ പൊലീസിന്റെ നടപടികള്‍ക്കു ശേഷം ഒബ്സര്‍വേഷന്‍ ഹോമിലേക്കു ബാലികയെ കൈമാറി. അവിടെ കുട്ടിയെ മലയാളി സംഘടനാ പ്രതിനിധികള്‍ ഇന്നലെ സന്ദര്‍ശിച്ചു.
മാതാപിതാക്കളുടെ അടുത്തേക്കു തിരിച്ചുപോകാന്‍ താല്പര്യമില്ലാത്ത രീതിയിലാണ് കുട്ടി പ്രതികരിച്ചതെന്ന് ഇവര്‍ പറഞ്ഞു. അടിച്ചതുകൊണ്ടാണ് വീടുവിട്ടുപോയതെന്ന കുട്ടിയുടെ മൊഴിയും സ്ഥിരമായി അടിക്കാറുണ്ടെന്ന അയല്‍വാസികളുടെ മൊഴിയും ഗൗരവമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
മകളെ കണ്ടെത്തിയ സന്തോഷത്തിലാണ് മാതാപിതാക്കള്‍. വിഡിയോ കോളിലൂടെ സംസാരിച്ച മകള്‍, അമ്മ തല്ലിയതു കൊണ്ടാണ് വീടുവിട്ട് പോയതെന്ന് പിതാവിനോടു പറഞ്ഞു. ഇനി മകളെ ആരും തല്ലില്ല എന്ന ഉറപ്പും പിതാവ് നല്കി. മകള്‍ തിരിച്ചു വന്നാല്‍ കുടുംബത്തിലുള്ളവരെയും കൂട്ടി തിരികെ അസമിലേക്ക് പോകാനാണ് പിതാവിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.