പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോടിയായി ഭാഗികമായി നിരക്ക് വര്‍ദ്ധനയ്ക്ക് കെഎസ്ഇബി തയ്യാറെടുക്കുന്നു.
പകല്‍ സമയത്തേയും രാത്രിയില്‍ പീക്ക് സമയത്തേയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്തുന്നത് ആലോചിക്കുന്നതായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് അറിയിച്ചത്. പകല്‍ സമയത്തെ ഉപയോഗത്തിന് നിരക്ക് കുറച്ച ശേഷം രാത്രിയിലെ പീക്ക് സമയത്തെ ഉപഭോഗത്തിന് നിരക്ക് കൂട്ടുന്ന രീതിയാണ് ആലോചിക്കുന്നത്.കേരളത്തിലെ ഭൂരിഭാഗം വീടുകളിലും ഇപ്പോള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ആയിക്കഴിഞ്ഞുവെന്നും അതുകൊണ്ട് തന്നെ വ്യത്യസ്ത സമയങ്ങളില്‍ ഉപയോഗിച്ച യൂണിറ്റ് വേര്‍തിരിച്ച് അറിയുന്നതിന് പ്രയാസവും ഉണ്ടാകില്ലെന്നതിനാല്‍ പ്രായോഗികമായി ഭാഗിക നിരക്ക് വര്‍ദ്ധനയ്ക്ക് മറ്റ് സാങ്കേതിക തടസ്സങ്ങളില്ല. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയത്തെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പകല്‍ സമയങ്ങളില്‍ ഭൂരിഭാഗം വീടുകളിലും ആളുകളുണ്ടാകില്ല. ഈ സമയം ആളുകള്‍ ഉള്ള വീട്ടില്‍ പോലും വളരെ പരിമിതമായി മാത്രമേ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ. അതിനാല്‍ തന്നെ നിരക്ക് കുറച്ചാലും കെഎസ്ഇബിക്ക് നഷ്ടം വരില്ല. എന്നാല്‍ വൈകുന്നേരം ആറ് മണി മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഭൂരിഭാഗം വീടുകളിലും ആളുണ്ടാകുകയും വൈദ്യുതി ഉപയോഗം ഉയര്‍ന്ന അളവിലായിരിക്കുകയും ചെയ്യും. ഇത് കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധന പരിഗണിക്കുന്നത്. മൊത്തത്തില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധവും ഇതിലൂടെ മറികടക്കാന്‍ കഴിയും.
കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ആണവ നിലയം സ്ഥാപിക്കുന്നത് പോലുള്ള കാര്യങ്ങള്‍ നയപരമായതിനാല്‍ തന്നെ മുന്നണിക്കുള്ളില്‍ വിശാലമായ ചര്‍ച്ച ആവശ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.