കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് ഉത്തരമലബാറിലെ ജനങ്ങളുടെ യാത്ര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലഭ്യതയ്ക്കനുസരിച്ചുള്ള ചരക്കു നീക്കം സാധിക്കുന്നില്ല എന്ന പരാതി മുമ്പേ ഉയർന്നിട്ടുള്ളതാണ്.
വിമാന സർവ്വീസുകളുടെ എണ്ണവും ആളനക്കവും കുറഞ്ഞു തുടങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ജീവൻ പകർന്ന് വീണ്ടും പോയിന്റ് ഒഫ് കോള്‍ പ്രതീക്ഷ വയ്ക്കുന്നതാണ്. ഹജ്ജ് തീർത്ഥാടകരുടെ യാത്രക്കുപരിയായി കഴിഞ്ഞ ആഴ്ച ആദ്യമായി കണ്ണൂരില്‍ വിദേശയാത്ര വിമാനം ഇറങ്ങിയതോടെയാണ് പോയിന്റ് ഒഫ് കോള്‍ പദവി പ്രതീക്ഷയ്ക്ക് ചിറക് മുളച്ചത്.പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 8ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.55 ന് കണ്ണൂരില്‍ എത്തിയ വിമാനം, വൈകന്നേരം 4.25 ന് കണ്ണൂരില്‍ നി ന്ന് ദോഹയിലേക്ക് പുറപ്പെട്ടു. അടുത്ത മാസം മുതല്‍ പ്രതിദിന സർവ്വീസില്‍ ഖത്തർ എയർവേയ്സ് വിമാനം ഉപയോഗിക്കും. ഇത് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ഏറെ മുതല്‍ക്കൂട്ടാകും.
പോയിന്റ് ഒഫ് കോള്‍ പദവി
വിദേശവിമാനക്കമ്പിനികള്‍ക്ക് കൂടുതല്‍ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അനുമതിയാണ് പോയിന്റ് ഒഫ് കോള്‍ എന്നതിലൂടെ അർത്ഥമാക്കുന്നത്. കണ്ണൂർ എയർപോട്ടിന് ഈ പദവി ലഭിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും അതേപോലെ തിരിച്ചും കൂടുതല്‍ സർവീസുകള്‍ക്ക് അനുമതി ലഭിക്കും.
കണ്ണൂർ ഒഴികെ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങള്‍ക്കും പോയിന്റ് ഒഫ് കോള്‍ പദവി ലഭിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍ക്ക് പോയിന്റ് നല്‍കാനാവില്ല എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണമായി പറയുന്നത്.
എന്നാല്‍ കണ്ണൂരിന് ശേഷം പ്രവർത്തനം തുടങ്ങിയ ഗോവയിലെ മോപ്പാ മനോഹരർ വിമാനത്താവളത്തില്‍ ഒമാൻ എയർ സർവീസ് അനുവദിച്ചിരുന്നു. നിലവില്‍ മെട്രോ നഗരങ്ങള്‍ക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ പദവി നല്‍കി വരുന്നത്. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നതും കാരണമായി പറയുന്നു.
നേരിടുന്നത് പ്രതിസന്ധി
ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാലാവധി കഴിഞ്ഞാല്‍ കണ്ണൂരിന് പോയിന്റ് ഓഫ് കാള്‍ പദവി ലഭ്യമാകും എന്ന അഭ്യൂഹം നിലനിന്നിരുന്നു.
എന്നാല്‍ വിമാനത്താവളത്തിന് പദവി നല്‍കാൻ കഴിയില്ലെന്നും പകരം കൂടുതല്‍ അന്താരാഷ്ട്ര വിമാന സർവീസുകള്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ അറിയിച്ചത്. മുമ്പും പലതവണ കണ്ണൂരില്‍ വിദേശ കമ്പിനികളുടെ സർവീസ് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വ്യോമയാന പാർലമെന്ററി സമിതി കഴിഞ്ഞവർഷം വിമാനത്താവളം സന്ദർശിക്കുകയും വിമാനത്താവളത്തിലെ സൗകര്യങ്ങളില്‍ പൂർണ്ണ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.സമിതി പദവി നല്‍കുന്നതിന് അനുകൂലമായാണ് നിലപാടെടുത്തത്. ഈ പ്രതീക്ഷകളെല്ലാമാണ് മന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ മങ്ങിയത്. വിദേശസർവീസുകള്‍ ഇല്ലാത്തതിനാല്‍ എയർ ഇന്ത്യയും ഇൻഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്ന് സർവീസ് നടത്തി വരുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് കഴിഞ്ഞവർഷം സർവീസ് നിറുത്തി. പ്രവർത്തനം തുടങ്ങി ആറ് വർഷമായിട്ടും ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരില്‍ നിന്ന് അന്താരാഷ്ട്ര സർവീസുകള്‍ ഉള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവില്‍ വിമാനത്താവള കമ്പിനിയായ കിയാല്‍ കടന്നപോകുന്നത് എന്നതും വിമാനത്താവളത്തിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്നു.
വൻ നഗരങ്ങളിലല്ലാത്ത നിരവധി വിമാനത്താവളങ്ങള്‍ക്ക് ഈ പദവിയുണ്ട്. വിമാന സർവീസുകള്‍ വർദ്ധിപ്പിക്കാൻ കഴിയാത്തത് കണ്ണൂർ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിക്കും.
പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ നിർമിച്ച വിമാനത്താവളത്തിന് നിർമ്മാണാവശ്യത്തിനെടുത്ത 800 കോടി രൂപക്കു മുകളില്‍ വായ്പ തിരിച്ചടക്കാനുണ്ട്.
രാഷ്ട്രീയപ്പോര് കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാനക്കമ്പിനികളുടെ സർവീസിന് വേണ്ട പോയിന്റ് ഓഫ് കോള്‍ പദവി നിഷേധിച്ച കേന്ദ്ര നടപടി നീതികരിക്കാനാവാത്തതാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തെ മോദി സർക്കാർ രാഷ്ട്രീയ പകപോക്കലിന് കരുവാക്കുകയാണ്.
പോയിന്റ് ഓഫ് കോള്‍ പദവി ലഭ്യമാക്കുമെന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പിയുടെ പ്രചരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും അധികാരത്തിലെത്തിയതോടെ കണ്ണൂരിനെ കയ്യൊഴിയുകയായിരുന്നു. പ്രവർത്തനം തുടങ്ങി അഞ്ചു വർഷം പിന്നിട്ടിട്ടും വിദേശ കമ്പിനികളുടെ സർവീസ് ആരംഭിക്കാത്തത്
വിമാനത്താവളത്തിന്റെ വളർച്ചയെ ബാധിച്ചു. എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സില്‍ക്ക് എയർ തുടങ്ങി നിരവധി വിദേശ കമ്പിനികള്‍ കണ്ണൂരില്‍ നിന്ന് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് സുഗമമായി സർവീസ് നടത്താനുള്ള 3,050 മീറ്റർ റണ്‍വേ സൗകര്യവും ഇവിടെയുണ്ട്. 97,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനല്‍ ഏരിയയില്‍ ഒരു മണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും.
കൊവിഡ് കാലത്ത് വൈഡ് ബോഡി വിമാനങ്ങളും ഹജ്ജ് യാത്രക്കാർക്കായി സൗദി എയർലൈൻസും സർവീസ് നടത്തി. 2023 സെപ്തംബറില്‍ പാർലമെന്ററി സമിതി ചെയർമാൻ വി വിജയസായ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം സൗകര്യങ്ങള്‍ പരിശോധിച്ച് ബോദ്ധ്യപ്പെട്ടിരുന്നു.
ഇടതുപക്ഷ എം.പിമാർ പോയിന്റ് ഓഫ് കോളിന്റെ ആവശ്യകതയെക്കുറിച്ച് പാർലമെന്റില്‍ നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും കേന്ദ്രം കണ്ണടച്ചു.
കണ്ണൂരില്‍ നിന്നുള്ള എല്‍.ഡി.എഫ് പ്രതിനിധി സംഘവും ഡല്‍ഹിയിലെത്തി പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു. എന്നിട്ടും കണ്ണൂർ വിമാനത്താവളത്തോട് പ്രതികാര നടപടി സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് സി.പി.എം. കുറ്റപ്പെടുത്തി.
മികച്ച സൗകര്യം
വിമാനത്താവളത്തിന്റെ വികസനത്തിന് അനിവാര്യമായ പോയിന്റ് ഒഫ് കോളിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് കിയാല്‍. സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങള്‍ കണ്ണൂരില്‍ ഹജ്ജ് സർവീസിനായി എത്തിയിരുന്നു.
വലിയ വിമാനങ്ങള്‍ക്ക് കണ്ണൂർ വിമാനത്താവളത്തില്‍ സുഗമമായി സർവീസ് നടത്താൻ കഴിയുമെന്ന് കൊവിഡ് കാലത്തും തെളിഞ്ഞതാണ്. വിവിധ വിദേശ കമ്ബനികളുടെ വിമാനങ്ങള്‍ പ്രവാസികളുമായി കണ്ണൂരില്‍ എത്തിയിരുന്നു.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്ത സാഹചര്യവും പോയിന്റ് ഒഫ് കോള്‍ വേണമെന്ന കണ്ണൂരിന്റെ ആവശ്യത്തിന് ബലം പകരുന്നതാണ്. കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങിയതു മുതല്‍ എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിദേശകമ്ബനികള്‍ സർവീസിന് താത്പര്യമറിയിച്ചതാണ്. വിദേശ സർവീസുകള്‍ വന്നാല്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതിനൊപ്പം ചരക്കുനീക്കവും വർദ്ധിക്കും.
ഭൂമി ഏറ്റെടുക്കല്‍ വൈകുന്നു
വിമാനത്താവളവുമായി ബന്ധപ്പെട്ട് 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടി വൈകുന്നു. നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ 2023 ഡിസംബർ 12നാണ് വിമാനത്താവളത്തില്‍ കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടടുത്ത 14 വീടുകളും സ്ഥലവും ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. 9 വീടുകളാണ് ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്നത്.
സുരക്ഷ മുൻനിറുത്തിയാണ് 5 കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കുന്നത്. അപ്രോച്ച് ലൈറ്റിങ്ങിനായി സ്ഥലം മണ്ണിട്ട് ഉയർത്തുമ്പോള്‍ സമീപത്തുള്ള വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുന്നത് പതിവായതോടെയാണ് തീരുമാനം വന്നത്.
പലതവണ ഇവിടെ മണ്ണിടിച്ചിലുണ്ടാവുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക സംബന്ധിച്ച് വിശദമായ ശുപാർശ സമർപ്പിക്കാൻ കലക്ടർക്ക് ഡിസംബറില്‍ തന്നെ നിർദ്ദേശം നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.