ആലുവ: അനുമതിയില്ലാതെ നടത്താനൊരുങ്ങിയ ഫാഷൻ ഷോ അവസാനനിമിഷം പൊലീസ് തടഞ്ഞു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരത്തിനെത്തിയ 2000ത്തോളം പേർ നിരാശരായി മടങ്ങി.
കുന്നത്തേരി കെ.എം.എച്ച് ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് ആറ് മുതലാണ് ഫാഷൻ ഷോ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായി സീറോ റാമ്പിലായിരുന്നു മത്സരം. തിരുവനന്തപുരം ആസ്ഥാനമായുള്ള എലൈറ്റ് മോഡലിംഗ് കമ്പിനിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.രാവിലെ മുതല്‍ ഒരുക്കങ്ങളും ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആലുവ സി.ഐ മഞ്ജുദാസിന്റെ നേതൃത്വത്തില്‍ പൊലീസെത്തി രേഖകള്‍ പരിശോധിച്ച് അനുമതിയില്ലെന്ന് ഉറപ്പാക്കി. ഹാളിന്റെ മേല്‍നോട്ടക്കാരന് നോട്ടീസും നല്‍കി.
ഇതിനിടയില്‍ സംഘാടകർ ഡിവൈ.എസ്.പിയെ സന്ദർശിച്ച് അനുമതിക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വൈകിട്ട് നാലരയോടെ മത്സരത്തില്‍ പങ്കെടുക്കുന്ന കമ്പിനികളുടെ പ്രതിനിധികളെ മാത്രം സംഘാടകർ വിളിച്ചുവരുത്തി പരിപാടി മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചു.
പൊലീസ്, എക്സൈസ് അനുമതിയില്ല
രണ്ട് ദിവസമെടുത്ത് ഉയർന്ന വാട്ട്സിന്റെ സൗണ്ട് സിസ്റ്റമാണ് ഓഡിറ്റോറിയത്തില്‍ സെറ്റ് ചെയ്തിരുന്നത്. ഇത്തരം സൗണ്ട് സംവിധാനം ഉപയോഗിക്കുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വേണം.
മാത്രമല്ല, ഫാഷൻ ഷോ പരിപാടികള്‍ക്ക് എക്സൈസ് വകുപ്പിന്റെയും അനുമതി വേണം. ഇതൊന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ ഇത്തരം പരിപാടികളില്‍ ലഹരി ഉപയോഗിക്കുന്നവരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.
40 കമ്പിനികള്‍ക്കായി മത്സരം
സംസ്ഥാനത്തെ 40 മോഡലിംഗ് കമ്പിനികള്‍ക്ക് വേണ്ടിയാണ് മത്സരാർത്ഥികളെത്തിയത്. ഒരു കമ്പിനിക്ക് വേണ്ടി മാത്രം 30 മുതല്‍ 70 വരെ ആളുകള്‍ റാമ്പില്‍ കയറാൻ ഒരുങ്ങിയിരുന്നു. ഇതര ജില്ലകളില്‍ നിന്നുള്ളവർ ചൊവ്വാഴ്ച്ച തന്നെ എത്തിയിരുന്നു.
ചെങ്ങന്നൂർ മാന്നാർ പാവുക്കര സ്വദേശി മഹാദേവൻ വിനോദ് എന്നയാളാണ് പരിപാടിക്കായി ഹാള്‍ വാടക്ക് എടുത്തിരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.