കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയുണ്ടായ ലൈംഗികാതിക്രമ ആരോപണ കേസുകളിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിനെ ഒഴിവാക്കണമെന്നു കോൺഗ്രസ് നേതാവ് അനിൽ അക്കര.
ഹൈക്കോടതി റജിസ്ട്രാർക്കാണ് അനിൽ പരാതി നൽകിയത്. രാഷ്ട്രീയ താൽപര്യം ഉൾപ്പെടെ മുൻനിർത്തി ജഡ്ജിക്കും കോടതിക്കുമെതിരെ പൊതുജനങ്ങളിൽ അനാവശ്യ സംശയങ്ങൾ ഉണ്ടാക്കാൻ കാരണക്കാരനായതിന് അനിൽ അക്കരയ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ്ങും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകി.ജഡ്ജി ഹണി എം.വർഗീസ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും മുൻപു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് അനിൽ അക്കരയുടെ പരാതി. മുകേഷിനെതിരായ ലൈംഗിക പീഡനക്കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതും പ്രതിക്കനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചതും ഹണിയാണ്.
ഈ സാഹചര്യത്തിൽ കേസിൽ വാദം കേൾക്കുന്നതും വിധി പുറപ്പെടുവിക്കുന്നതും നീതിപൂർവമാകില്ല എന്ന് അനിൽ അക്കര പറയുന്നു. ഈ കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുകേഷിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് അനിലിന്റെ ആവശ്യം.
എന്നാൽ മജിസ്ട്രേറ്റ്, മുൻസിഫ്, ജഡ്ജിമാർ എന്നിവരുടെ കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണെന്ന് തന്റെ പരാതിയിൽ കുളത്തൂർ ജയ്സിങ് വാദിക്കുന്നു.
അതുകൊണ്ട് അവർ സ്വാധീനങ്ങൾക്ക് വഴങ്ങിയേക്കാം എന്ന ധാരണയിൽ ജഡ്ജിമാർക്ക് നേരെ ആരോപണം ഉന്നയിച്ച് പ്രചാരണം നടത്തുന്നത് തടഞ്ഞില്ലെങ്കിൽ കോടതികളിൽനിന്ന് നീതി ലഭിക്കില്ലെന്ന സംശയവും ആശങ്കയും സൃഷ്ടിക്കുന്നതിന് കാരണമാകും.
ഈ സാഹചര്യത്തിൽ ജഡ്ജിമാർക്കെതിരെ സംശയത്തിന്റെ ഭാഗമായുള്ള ആരോപണം ഉന്നയിക്കുന്നതും പ്രചാരണ വിഷയമാക്കുന്നതും അടിയന്തരമായി തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ച സെഷൻസ് കോടതി 5 ദിവസത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചിരുന്നു.
സെപ്റ്റംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കാനിരിക്കെയാണ് പുതിയ വിവാദം. ഇന്ന് എറണാകുളം പുത്തൻകുരിശിലെ വടവക്കോട് എത്തി മുകേഷ് അഭിഭാഷകനെ കണ്ടിരുന്നു. തന്റെ ഭാഗം ന്യായീകരിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ മുകേഷ് കൈമാറി എന്നാണ് റിപ്പോർട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.