കൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ പിജി വിദ്യാർഥിയായ വനിതാ ഡോക്ടറുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി.
ലൈംഗികമായി അതിക്രമിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയാണ് കൊല്ലപ്പെട്ട ഇരുപത്തിയെട്ടുകാരി.സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായും അന്വേഷണത്തിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ട്. മുഖത്തും വയറിലും ഇടതുകണങ്കാലിലും കഴുത്തിലും വലതു മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ട്.
സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുമുണ്ട്. കഴുത്തിലെ എല്ലൊടിഞ്ഞതിനാൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 3നും 6നും ഇടയിലാണ് സംഭവം.
‘‘എന്റെ മകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു. അവൾ പോയി. ഞങ്ങൾക്ക് അവളെ തിരികെ കൊണ്ടുവരാൻ കഴിയില്ല. കുറഞ്ഞപക്ഷം നമുക്കെങ്കിലും നീതി ലഭിക്കണം. ഞങ്ങൾ അവളോട് അവസാനമായി സംസാരിച്ചത് വ്യാഴാഴ്ച രാത്രി 11 മണിക്കാണ്’’ – ഇരയുടെ പിതാവ് പറഞ്ഞു.
കണ്ണട പൊട്ടി മകളെ അർധ നഗ്നയായ നിലയിലാണ് കണ്ടെത്തിയതെന്ന് ഇരയുടെ അമ്മ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജി ഇരയുടെ മാതാപിതാക്കളെ വിളിച്ച് പക്ഷപാതരഹിതമായ അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി. ‘‘വ്യാഴാഴ്ച രാത്രി വനിതാ ഡോക്ടർക്ക് നൈറ്റ് ഷിഫ്റ്റായിരുന്നു.
അവൾ അവളുടെ ജൂനിയേഴ്സിനൊപ്പം അത്താഴം കഴിച്ചു, കുറച്ചു വിശ്രമിക്കാൻ പ്രത്യേക മുറി ഇല്ലാത്തതിനാൽ അവൾ സെമിനാർ മുറിയിലേക്ക് പോവുകയായിരുന്നു. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നാലാം നിലയിലാണ് സെമിനാർ ഹാൾ. ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.
അവളുടെ ലാപ്‌ടോപ്പും ബാഗും മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി’’ – പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഡോക്ടർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.