ന്യൂഡൽഹി: ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുക്കാൻ ഹിന്ദിമേഖലയിൽ ജാതി-സാമൂഹികനീതി രാഷ്ട്രീയം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമ്മർദം ബി.ജെ.പി.ക്കെതിരേ നിലനിർത്താൻ ജാതിസെൻസസും ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് വിവിധ മേഖലകളിൽ അർഹമായ പ്രാതിനിധ്യവും ആവശ്യപ്പെട്ട് പാർട്ടി ദേശവ്യാപക പ്രചാരണത്തിനൊരുങ്ങുകയാണ്.ഹരിയാണ, ഝാർഖണ്ഡ്, മഹാരാഷ്ട്ര, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ ഈ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും മുൻകൂട്ടി കണ്ടാവും പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുക. മൂന്നുനാലു ദിവസത്തിനുള്ളിൽ ജില്ലാ-സംസ്ഥാന-ദേശീയ തലങ്ങളിൽ നടത്തേണ്ട പ്രചാരണത്തിന്റെ രൂപരേഖ തയ്യാറാവുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
രാജ്യത്തെ മുന്നാക്ക വിഭാഗങ്ങളിൽ വലിയൊരു ഭാഗവും ബി.ജെ.പി.ക്കൊപ്പമാണിപ്പോൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒ.ബി.സി. മുഖമുൾപ്പെടെ ഉയർത്തിക്കാട്ടിയും ഹിന്ദു ഏകീകരണത്തിന് ശ്രമിച്ചും ബി.ജെ.പി. മുന്നോട്ടുപോവുമ്പോൾ അതിനെ തടയിടാൻ ശക്തമായ മാർഗം ഹിന്ദുക്കളിലെ പാർശ്വവത്‌കരിക്കപ്പെട്ട ബഹുഭൂരിപക്ഷത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടലാവും എന്ന തിരിച്ചറിവിലാണിപ്പോൾ കോൺഗ്രസ്.
1974-ൽ നറോറയിൽ നടന്ന ക്യാമ്പ് മുതൽ ഉദയ്‌പുർ ചിന്തൻശിബിരം വരെ പുറം തള്ളപ്പെട്ട രാഷ്ട്രീയമാണ് കഴിഞ്ഞവർഷം റായ്പുരിലെ പ്ലീനറിയോടെ പൊടിതട്ടിയെടുത്തത്. മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായതും രാഹുൽ ഗാന്ധിയുടെ നിലപാടും എതിർപ്പുകളെ തള്ളാൻ ചാലകമായി.
ഭാരത് ജോഡോ യാത്രകളിൽ രാഹുൽ പ്രധാനമായും ഉയർത്തിയത് സാമൂഹിക നീതി-ജാതി സെൻസസ് വിഷയങ്ങളായിരുന്നു. രാഹുലിന്റെ യാത്ര കടന്നുപോയ മേഖലകളിലെല്ലാം കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാനായി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയവും രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം ജാതിസെൻസസാണെന്നായിരുന്നു രാഹുൽ മിക്ക സമ്മേളനങ്ങളിലും പ്രസംഗിച്ചത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ലോക്‌സഭയിലെ തന്റെ ആദ്യ പ്രസംഗത്തിലും ബജറ്റ് ചർച്ചയിലും ജാതിസെൻസസിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി.
പിന്നാലെയാണ് കഴിഞ്ഞദിവസം ചേർന്ന പി.സി.സി. അധ്യക്ഷരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗത്തിൽ ജാതിസെൻസസ് പ്രചാരണം നടത്താൻ തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.