മേപ്പാടി: മണ്ണില്‍ പുതഞ്ഞുപോയ നാട്ടിൽ, ജാതിമത ഭേദമില്ലാതെ അവർ മണ്ണിനോട് ചേർന്നു. ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ടു മൃതദേഹങ്ങള്‍ മേപ്പാടി പുത്തുമലയിലേക്ക് നടപടികൾ പൂർത്തിയാക്കി എത്തിച്ചപ്പോൾ നാടാകെ വിട നൽകാനെത്തി.
വിവിധ മതങ്ങളുടെ പ്രാർഥനകൾ അന്തരീക്ഷത്തിൽ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്കാരം.ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മന്ത്രിമാരായ ഒ.ആർ.കേളു, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, ടി.സിദ്ധിഖ് എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, സ്പെഷൽ ഓഫിസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, സബ് കലക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുൻപായി ഇന്‍ക്വസ്റ്റ്– പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂർത്തിയാക്കി. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കി. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു.
ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും എടുത്തു. പൊലീസ് ഇത്തരം മൃതദേഹങ്ങള്‍ സംബന്ധിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കും. അടക്കം ചെയ്യുന്ന രീതിയില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കൂ.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കും.തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍, അവകാശത്തര്‍ക്കങ്ങളുള്ള മൃതദേഹങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതിനും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലും സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടു വരെ നടത്തിയ തിരച്ചിലില്‍ പരപ്പന്‍പാറയില്‍നിന്നും നിലമ്പൂരില്‍നിന്നുമായി രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. നിലമ്പൂരില്‍നിന്ന് ഏഴും സൂചിപ്പാറ ഭാഗത്തുനിന്ന് ഒന്നും ശരീരഭാഗം ലഭിച്ചു. ഇതുവരെ 369 പേർ മരിച്ചെന്നാണു കണക്ക്. ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാംപുകളിലായി 8246 പേരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.