ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിന് പ്രതികാരം ചെയ്യാനൊരുങ്ങി ഇറാൻ. ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാവിലെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഖമനയി ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.ഇറാൻ എത്ര ശക്തമായി തിരിച്ചടിക്കും എന്ന് വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപം ഡ്രോൺ–മിസൈൽ സംയോജിത ആക്രമണമാണ് ഇറാൻ സൈനിക കമാൻഡർമാരുടെ പരിഗണനയിലുള്ളത്.’’ ഇറാൻ കമാൻഡർമാർ പറഞ്ഞു.
ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെ നിരവധി ശത്രുക്കളെ ഇസ്രയേൽ നേരത്തേ വധിച്ചിട്ടുണ്ട്.
സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സൈനിക കമാൻഡർമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഏപ്രിലിൽ ഇസ്രയേലിനെതിരെ ഇറാൻ മിസൈലാക്രമണം നടത്തി. യെമൻ, സിറിയ, ഇറാഖ് എന്നിവയുൾപ്പെടെ സഖ്യസേനകളുടെ സഹായത്തോടെ സംയോജിത ആക്രമണം നടത്താനുളള പദ്ധതിയും ഇറാനുണ്ട്.
ഹനിയയുടെ മരണത്തെക്കുറിച്ചുള്ള പ്രതികരണത്തിൽ ഇറാൻ നേരിട്ട് തിരിച്ചടിക്കുമെന്ന് ഖമനയി സൂചിപ്പിച്ചിരുന്നു. ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് കടമയായി കാണുന്നുവെന്നാണ് ഖമനയി വ്യക്തമാക്കിയത്. ഹനിയ വധത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.