പോത്തുകല്ല്: ബുധനാഴ്ചയും പോത്തുകല്ല് പ്രദേശത്തുനിന്ന് സന്നദ്ധപ്രവർത്തകരും അഗ്നിരക്ഷാസേനയും പോലീസും മറ്റും ചേർന്ന് ഇരുപതോളം മൃതദേഹങ്ങളും അതിലേറെ ശരീരഭാഗങ്ങളും കണ്ടെടുത്തതായി പോത്തുകല്ല് പഞ്ചായത്തംഗങ്ങളായ നാസർ, മുസ്തഫ, സലൂബ്, ഗോത്രവിഭാഗത്തിലെ സന്നദ്ധപ്രവർത്തകരായ കുട്ടൻ, ശശി, വെള്ളൻ, മധു, നിഖിൽ തുടങ്ങിയവർ പറഞ്ഞു.
ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽപ്പെട്ട് ഒഴുകിയെത്തിയ നൂറോളം മൃതദേഹഭാഗങ്ങളാണ് രണ്ടുദിവസങ്ങളിലായി പോത്തുകല്ലിനടുത്തുള്ള ഏതാനും കിലോമീറ്റർ പ്രദേശത്തുനിന്നായി കണ്ടെടുത്തത്.ചൂരൽമലപ്പുഴ എന്നും പുന്നപ്പുഴ എന്നും അറിയപ്പെടുന്ന ഈ പുഴ ഒഴുകുന്നവഴിയിൽ വനത്തിനുള്ളിൽ ഒട്ടേറെ വെള്ളച്ചാട്ടങ്ങളുണ്ട്. ഒരു കൈവഴിയിലാണ് പ്രശസ്തമായ സൂചിപ്പാറ വെള്ളച്ചാട്ടം.
മുണ്ടേരിയിലും പോത്തുകല്ലിലും നിലമ്പൂരിലുമായി വേറെയും ചെറിയ പുഴകൾ കൂടിച്ചേർന്നാണ് ചാലിയാറായി വലിയ പുഴയാകുന്നത്. വെള്ളച്ചാട്ടങ്ങളിൽ വീണും പാറക്കെട്ടുകളിൽ തട്ടി ചിന്നിച്ചിതറിയുമാണ് മൃതദേഹങ്ങളേറെയും പൊട്ടിപ്പൊളിഞ്ഞുപോയതെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു.
ഇരുട്ടുകുത്തിയിലെ മിറാക്കിൾ, വാണിയമ്പുഴയിലെ യുവവാണി തുടങ്ങിയ യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങൾ, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, തുടങ്ങി വിവിധ കോളനികളിലെ ഗോത്രവിഭാഗക്കാർ, പ്രദേശത്തെ യുവാക്കൾ തുടങ്ങിയവരാണ് രണ്ടുദിവസവും മൃതദേഹങ്ങൾ തിരയാൻ മുന്നിട്ടിറങ്ങിയത്.
പോലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് തുടങ്ങി എല്ലാ സർക്കാർ സംവിധാനങ്ങളും നാട്ടുകാർക്കൊപ്പം അതീവജാഗ്രതയോടെ ഒരുമിച്ചുപ്രവർത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.