ന്യൂഡൽഹി: ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 72 പേർ മരിച്ചതായി റിപ്പോർട്ട്.
14 പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സർക്കാർമേഖലയിലെ തൊഴിൽ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യത്തോടെ പുനരാരംഭിച്ചതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.അതിനിടെ, ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു. സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പരും അധികൃതർ നൽകിയിട്ടുണ്ട്.
ആഴ്ചകൾ മുമ്പ്, സർക്കാർ സർവീസിലെ സംവരണം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ പ്രക്ഷോഭമുണ്ടായിരുന്നു. 150-ലധികം പേർ കൊല്ലപ്പെടുകയും 1000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം.
ഞായറാഴ്ച വൈകീട്ട് ആറ് മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങി സാമൂഹികമാധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തുടനീളം കലാപമുണ്ടാക്കുന്നവർ വിദ്യാർഥികളല്ല മറിച്ച് തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു. ഈ ഭീകരരെ അടിച്ചമർത്താൻ ജനങ്ങളോട് അഭ്യർഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാജ്യത്ത് പൊതു അവധിയാണ്.
സംവരണവിഷയത്തിൽ ബംഗ്ലാദേശ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അന്നത്തെ പ്രക്ഷോഭം അയഞ്ഞത്. സർക്കാർ സർവീസിലെ സംവരണത്തില്‍ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് അഞ്ചായി കുറച്ചു.
പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ (ബി.എൻ.പി.) പിന്തുണയും അന്ന് സമരത്തിനുണ്ടായിരുന്നു. ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് മുതൽ നിയമം ലംഘിക്കുന്നവരെ കണ്ടാലുടൻ വെടിവെക്കാൻ നിർദേശം നൽകുന്നത് വരെയെത്തി കാര്യങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.