കോവളം: വാഹന പരിശോധനയ്ക്കിടെ വെട്ടിച്ച് കടക്കാൻശ്രമിച്ച ദമ്പതിമാരിൽനിന്ന് പോലീസ് പിടിച്ചെടുത്തത് പന്ത്രണ്ടര കിലോ കഞ്ചാവ്.
സംഭവത്തിൽ മുട്ടത്തറയിലെ പെട്രോള്‍ പമ്പിന് എതിര്‍വശത്തുളള തരംഗിണി നഗറില്‍ വാടകയ്ക്കു താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്(39), ഇയാളുടെ ഭാര്യ അശ്വതി(35) എന്നിവരെ കോവളം പോലീസ് അറസ്റ്റുചെയ്തു.
വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോള്‍ ഇവർ സ്കൂട്ടർ നിര്‍ത്താതെ പോകുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് പിടികൂടിയപ്പോഴാണ് ഇവരുടെ പക്കല്‍നിന്ന് പന്ത്രണ്ടര കിലോ കഞ്ചാവ് നിറച്ച ബാഗ് കണ്ടെടുത്തത്.ശനിയാഴ്ച രാവിലെ എട്ടോടെ കോവളം ജങ്ഷനില്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്കൂട്ടറില്‍ കടന്നുപോയ ഇവരെ പോലീസ് കൈകാണിച്ചിരുന്നു. നിര്‍ത്താതെ പോയവര്‍ ആഴാകുളം വഴി കോവളം ലൈറ്റ് ഹൗസ് റോഡിലേക്ക് തിരിഞ്ഞു.
പോലീസ് പുറകെ വരുന്നതുകണ്ട് കൈയിലുണ്ടായിരുന്ന ബാഗ് റോഡിന് സമീപത്ത് വലിച്ചെറിഞ്ഞു. തുടര്‍ന്ന് സ്കൂട്ടറും ഉപേക്ഷിച്ച് കടല്‍ത്തീരത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാല്‍, പിന്തുടര്‍ന്ന പോലീസ് സംഘം രണ്ടുപേരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്കൂട്ടറും ബാഗിലെ കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ ഒഡീഷയില്‍നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. ഒഡീഷയില്‍ നിന്ന് തീവണ്ടിമാര്‍ഗം നാഗര്‍കോവിലിലും അവിടെനിന്ന് ബസില്‍ കളിയിക്കാവിളയിലുമെത്തി.
ഇത് സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോവളം ജങ്ഷനില്‍ വനിതാപോലീസ് ഉള്‍പ്പെട്ട സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്ത് എത്തിയ ഇവരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൈകാണിച്ചുവെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു.
ഉണ്ണിക്കൃഷ്ണനെ 125 കിലോയോളം കഞ്ചാവുമായി നേരത്തെ പിടികൂടിയിട്ടുണ്ട്. നഗരമടക്കമുളള സ്ഥലങ്ങളില്‍ കഞ്ചാവ് മൊത്തം വിതരണം നടത്തുന്നയാളാണെന്നും കോവളം പോലീസ് പറഞ്ഞു.
എസ്.എച്ച്. ഒ. വി. ജയപ്രകാശ്, എസ്.ഐ. സുരേഷ് കുമാര്‍, ഗ്രേഡ് എസ്.ഐ.നസീര്‍, സീനിയര്‍ സി.പി.ഒ ബിജു ജോണ്‍, സി.പി.ഒ റാണി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.