ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് രാജിവെച്ചശേഷം ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി.
ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.അതിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു.മോദിയും ഹസീനയും കൂടിക്കാഴ്ച നടത്തുമോ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല.
എന്നാല്‍ ഷെയ്ഖ് ഹസീന ഉടന്‍ ലണ്ടനിലേക്ക് യാത്രതിരിക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതിനിടെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി രക്ഷാസേനയോട് (ബി.എസ്.എഫ്) അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാര്‍ലമെന്റ് സമ്മേളനത്തിനിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വെ നിര്‍ത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ഇന്ത്യ റദ്ദാക്കി. ഇന്‍ഡിഗോ ധാക്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ 30 മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.ബംഗ്ലാദേശില്‍ നാല് ലക്ഷത്തോളം പേരാണ് അക്രമാസക്തരായി തെരുവില്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ 100 പേരാണ് കൊല്ലപ്പെട്ടത്. 1000-ത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മരണസംഖ്യ പിന്നീട് 300 കടന്നിരുന്നു. സര്‍ക്കാര്‍ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധമാണ് അഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.