പാലാ : കരൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലായുള്ള കുടക്കച്ചിറ പ്രദേശത്തെ പാറമടകൾ നാട്ടുകാർക്ക് ഭീഷണിയാകുന്നു. സെയ്ന്റ് തോമസ് മൗണ്ട്, കൂവയ്ക്കൽ മല, കലാമുകുളം എന്നിവിടങ്ങളിലാണ് മടകളുള്ളത്.
കരൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കലാമുകുളം ഭാഗത്ത് ചട്ടങ്ങൾ ലംഘിച്ച് അപകടകരമായ നിലയിൽ പാറഖനനം തുടരുന്നത് സമീപവാസികളെ ഭീതിയിലാഴ്ത്തി. ലംബമായി പാറപൊട്ടിച്ച് കുത്തനെ നിർത്തിയിരിക്കുന്നതിനാൽ മുകൾഭാഗത്തെ കൃഷിഭൂമി ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയിലാണ് സമീപവാസികൾ.ഇവിടെനിന്നുള്ള മലവെള്ളപ്പാച്ചിലിൽ താഴ്ന്നപ്രദേശങ്ങളിലെ വീടുകളും കൃഷിയിടങ്ങളും നശിക്കുകയാണ്.കരൂർ, ഉഴവൂർ പഞ്ചായത്തുകളിലുള്ള റോഡുകളും പൊതുമരാമത്തു റോഡും ടോറസ് ഗതാഗതംമൂലം തകർന്നു.
പാറമട ജങ്ഷനിലെ ഇറക്കം മെറ്റൽ ഇളകി നശിച്ചുകിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. സമീപത്തുള്ള തടയണയ്ക്കും പറയാനി സർക്കാർ എൽ.പി. സ്കൂളിനും ഇത് ഭീഷണിയാവുകയാണ്.
സെയ്ന്റ് തോമസ് മൗണ്ടിൽ കുടിവെള്ളപദ്ധതികളുടെ ജലസംഭരണിക്കും വീടുകൾക്കും വിള്ളലുകളും തകർച്ചയുമുണ്ടായി. കൂവയ്ക്കൽ പാറമടയ്ക്ക് സമീപമാണ് വലവൂർ ഐ.ഐ.ഐ.ടി.പ്രവർത്തിക്കുന്നത്. കരൂർ പഞ്ചായത്തിലെ ഒരേ മലയുടെ 40-ലേറെ ഡിഗ്രി ചരിവുള്ള സ്ഥലത്താണ് ഈ മൂന്ന് പാറമടകൾക്കും പഞ്ചായത്ത് ലൈസൻസ് കൊടുത്തിരിക്കുന്നത്.
ഇതിനെതിരേ കരൂർ പഞ്ചായത്ത് പാറമടവിരുദ്ധ സംയുക്ത പരിസ്ഥിതി ആക്ഷൻ കൗൺസിൽ സമരത്തിലാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഖനന നിരോധനം തുടരണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.