കൊച്ചി: തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ നീക്കവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് നൽകിയ ഹർജി ഫയലിൽ സ്വീകരിക്കണമോ എന്ന് ബന്ധപ്പെട്ട കക്ഷികളുടെ വിശദീകരണം കേട്ട ശേഷം തീരുമാനിക്കാമെന്ന് ഹൈക്കോടതി.
ആണവ ധാതുക്കൾ അടങ്ങിയ കരിമണൽ നീക്കം ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളോടാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് ഷോൺ ജോർജിന്റെ പുതിയ ഹർജി.
2018, 2019 പ്രളയമുണ്ടായ സാഹചര്യത്തിൽ മണൽനീക്കം ചെയ്യാൻ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന്റെ മറവിൽ അനധികൃതമായി ധാതുമണൽ നീക്കം ചെയ്യുകയാണെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.
ആ കാലഘട്ടത്തിലെ സാഹചര്യത്തിൽ മാത്രം ബാധകമായ ഉത്തരവായിരുന്നു അത്. എന്നാലിത് കാലാകാലങ്ങളായി പുതുക്കുകയാണെന്നും ഇതിന്റെ മറവിൽ ലൈസൻസില്ലാതെ കെഎംഎംഎൽ, ഐആർഇഎൽ എന്നിവർക്ക് ആണവധാതുക്കൾ ഉൾപ്പെടെ ഖനനം ചെയ്യാൻ അനുമതി നൽകുകയാണെന്നും ഹർജിക്കാരൻ ആരോപിച്ചു.
പൊഴിമുഖം തുറക്കുന്നതിന് എതിരല്ലെന്നും മുൻകരുതലുകൾ സ്വീകരിക്കാതെ ആണവ ധാതുകളുടെ വാണിജ്യപരമായ ഖനനത്തെയാണ് എതിർക്കുന്നതെന്നും ഹർജിക്കാരൻ അറിയിച്ചു.
എന്നാൽ മണൽ നീക്കം ചെയ്തില്ലെങ്കിൽ കുട്ടനാട് മേഖല പ്രളയത്തിൽ മുങ്ങുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ, ഐഐടി മദ്രാസ് തുടങ്ങിയവരുടെയും മറ്റു വിദഗ്ധരുടെ പഠനത്തിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തതെന്നും അറിയിച്ചു.
ഇതു സംബന്ധിച്ചുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിട്ടുള്ളതാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ 2019ലെ മണൽ ഖനനത്തെക്കുറിച്ചുള്ള ഹർജിയാണ് തള്ളിയതെന്നും സമയപരിധിയില്ലാതെ മുൻ ഉത്തരവ് ഉപയോഗിക്കുകയാണെന്നും ഹർജിക്കാരൻ വാദിച്ചു.
തുടർന്ന്, ഇക്കാര്യങ്ങളിൽ കോടതി വിശദീകരണം തേടുകയായിരുന്നു. മണ്ണു നീക്കുന്നതിന് എല്ലാ വർഷവും കലക്ടർ ഉത്തരവിടുന്ന കാര്യമാണ് എങ്കിൽ ദീർഘകാലത്തേക്കുള്ള പരിഹാരമാണ് വേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദീർഘകാല നടപടി പറ്റുമോ എന്നതും അറിയിക്കണമെന്നും കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.