കോട്ടയം: പമ്പുകളിൽനിന്നു കൃത്യം 4,200 രൂപയ്ക്കു പെട്രോൾ അടിച്ചുമുങ്ങുന്ന വ്യാജ റജിസ്ട്രേഷനുളള വെള്ളക്കാർ പൊലീസ് കണ്ടെത്തി അതോടിച്ചിരുന്ന ആളിനെയും.
മൾട്ടി നാഷനൽ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുന്ന പൂവരണി പൈക മാറാട്ടുകളം (ട്രിനിറ്റി) വീട്ടിൽ ജോയൽ ജോസ് ജോർജ് (28) ആണ് മണിമല പൊലീസിന്റെ വലയിലായത്.
പെട്രോൾ നിറച്ചശേഷം ജീവനക്കാരോട് പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്ന് പറയുകയും ജീവനക്കാർ ഇതു പരിശോധിക്കുന്ന സമയം കാറുമായി കടന്നുകളയുകയുമാണു രീതി. ഉയർന്ന ശമ്പളത്തിൽ ജോലി നോക്കുന്ന ഇയാളുടെ കുടുംബം സാമ്പത്തികമായി ഏറെ മെച്ചപ്പെട്ടതാണെന്നു പൊലീസ് പറഞ്ഞു.
ഒരു സഹോദരി ഹോളണ്ടിലാണ് താമസം. പണം നൽകാതെ പെട്രോൾ അടിച്ചുമുങ്ങുന്നതിൽ ആനന്ദം കണ്ടെത്തുകയായിരുന്നു ജോയലിന്റെ രീതി. 4,000 രൂപയ്ക്ക് പെട്രോൾ അടിച്ചാൽ അത്രയും രൂപയ്ക്കുള്ള ഇന്ധനം ലഭിക്കില്ലെന്നും 4,200 രൂപയ്ക്കാണെങ്കിൽ മുഴുവൻ തുകയ്ക്കുമുള്ള ഇന്ധനം ലഭിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഈ തുകയ്ക്ക് അടിച്ചിരുന്നത്.
പണം നൽകാതെ പോകുമ്പോൾ സിസിടിവി യിൽ വാഹനത്തിന്റെ ദൃശ്യം പതിയുമോയെന്ന സംശയത്തിലാണു വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചത്. ജൂലൈ 13നു മാമ്മൂടുള്ള അമ്പാടി പമ്പിലാണ് പെട്രോൾ അടിച്ചു പണം നൽകാതെ മുങ്ങിയത്. ഇതേ കാർ ഒരു വർഷം മുൻപും ഈ പമ്പിലെത്തി ഈ തുകയ്ക്കുള്ള പെട്രോൾ അടിച്ചുകടന്നു കളഞ്ഞിരുന്നു. വിവരം പുറത്തു വന്നതോടെ സമാന പരാതിയുമായി പല പമ്പുകാരും രംഗത്തെത്തി.
ഓൺലൈൻ സംവിധാനത്തിലൂടെ പണം അടച്ചിട്ടുണ്ടെന്നു പറഞ്ഞ് ഫോൺ കാണിക്കും.ജീവനക്കാർ പണം എത്തിയതിന്റെ സന്ദേശം ലഭിച്ചില്ലെന്നു പറയുമ്പോഴേക്കും കാറുമായി കടന്നുകളയും. തിരുവഞ്ചൂർ, ചങ്ങനാശേരി, എരുമേലി, പാലാ എന്നിവിടങ്ങളിലും ഇയാൾ ഇതേ തട്ടിപ്പു നടത്തി. പരാതി വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിലാണ് ഇയാളെ എറണാകുളത്തുനിന്നു പിടികൂടിയത്.
വാഹനത്തിന്റെ ഡിക്കിയിൽനിന്നു വിവിധ വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെടുത്തു.ഓരോ പെട്രോൾ പമ്പിൽ കയറുമ്പോഴും ഓരോ തരം നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത്.മണിമല എസ്എച്ച്ഒ ജയപ്രകാശ്, സിപിഒമാരായ ജോബി, ബിജേഷ്, അഭിലാഷ്, സോബിൻ പീറ്റർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.