മൂന്നാർ: ‘‘ഇതെന്റെ അമ്മയല്ലെന്നു പറഞ്ഞു രാജമലയിലെ ആശുപത്രിയിൽനിന്നു ഞാൻ ഇറങ്ങിയോടി. ചുണ്ടെല്ലാം പൊട്ടി തിരിച്ചറിയാൻ സാധിക്കാത്ത രൂപത്തിൽ അമ്മയുടെ മുഖമാകെ വീർത്തിരിക്കുകയായിരുന്നു. മണ്ണുമാന്തിയന്ത്രം കൊണ്ട് തിരഞ്ഞതിനാൽ ശരീരത്തിലാകെ മുറിവുകളുണ്ടായിരുന്നു. ‘താങ്ങാനാകില്ലെന്നറിയാം, തിരിച്ചറിയാൻ നീ മാത്രമേയുള്ളൂവെന്നു’ പറഞ്ഞ് പൊലീസുകാർ വീണ്ടും എന്നെ കൂട്ടിക്കൊണ്ടുപോയി.
സ്വർണനിറത്തിൽ പേരെഴുതിയ കറുത്ത നിറമുള്ള മോതിരമിട്ട വിരൽ കണ്ടാണ് അതെന്റെ അമ്മയാണെന്ന് ഞാൻ തിരിച്ചറിയുന്നത്. ആ ആശുപത്രിയിലാണ് ഞാൻ ജനിച്ചത്. അവിടെവച്ചാണ് ഞാനെന്റെ അമ്മയെ ആദ്യമായും അവസാനമായും കണ്ടത്...’’പാലക്കാട് മെഡിക്കല്‍ കോളേജിലെ രണ്ടാംവർഷ വൈദ്യശാസ്ത്ര വിദ്യാര്‍ഥിനിയായ ഗോപിക ഗണേശ് നാലുവർഷങ്ങൾക്ക് മുൻപുള്ള ആ ദിവസത്തെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.
2020 ഓഗസ്റ്റ് ആറിനു രാത്രി പത്തേമുക്കാലോടെയുണ്ടായ, 70 പേരുടെ ജീവൻ കവർന്ന പെട്ടിമുടി ഉരുൾപൊട്ടലിൽ ഗോപികയ്ക്ക് നഷ്ടപ്പെട്ടത് അച്ഛനെയും അമ്മയെയും ബന്ധുക്കളെയും കളിക്കൂട്ടുകാരെയുമെല്ലാമാണ്. ഇരവികുളം ദേശീയോദ്യാനത്തില്‍ ഡ്രൈവറായിരുന്നു ഗോപികയുടെ പിതാവ് ഗണേശ്, അമ്മ തങ്കം അങ്കണവാടി അധ്യാപികയും.
ദുരന്തം നടക്കുമ്പോൾ തിരുവനന്തപുരത്ത് പ്ലസ്ടുവിന് പഠിക്കുകയാണ് ഗോപിക (മോഡല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.) മാധ്യമങ്ങളിൽ വാർത്ത കണ്ടപ്പോഴും കാലവർഷത്തിൽ ഇടുക്കിക്ക് ശീലമായ മണ്ണിടിച്ചിൽ ആണെന്നുമാത്രമായിരുന്നു ഗോപിക കരുതിയത്.
പെട്ടിമുടി ദുരന്തം നടന്ന് നാലുവർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് കേരളത്തിന്റെ ഉള്ളുകലക്കി വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായത്. ഗോപികയെ സംബന്ധിച്ച് ഓർമകളിലേക്കുള്ള തിരിഞ്ഞുനടത്തമായിരുന്നു വയനാട്. ജൂലൈ ഞങ്ങളുടെ കുടുംബത്തിൽ ഒരുപാട് പേരുടെ പിറന്നാൾ മാസമാണ്. അവരിൽ പലരും ഇന്നില്ല. അതെല്ലാം ഓർത്ത് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് വയനാട്ടിലെ ദുരന്തവാർത്തയെത്തുന്നത്. അവിടെ നടക്കുന്ന ഓരോ അനുഭവവും എന്റേതുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നതാണ്.
മൂന്നാറിൽ മണ്ണിടിച്ചിൽ കണ്ട് വളർന്നവരാണ് ഞങ്ങൾ. ഒന്നോ രണ്ടോ മരങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ വീഴും റോഡ് ബ്ലോക്കാകും മഴക്കാലത്ത് അതു പതിവാണ്. പെട്ടിമുടിയിലെ ദുരന്തത്തെ കുറിച്ച് കേട്ടപ്പോഴും അങ്ങനെയാണ് ആദ്യം കരുതിയത്. ഇപ്പോൾ പക്ഷെ ഉരുൾപൊട്ടൽ വലിയദുരന്തമായി മാറിക്കഴിഞ്ഞു. മഴ പെയ്താൽ പണ്ടു അമ്മ പറയും അടങ്ങി വീട്ടിൽതന്നെയിരിക്കണം, പുഴയുടെ അവിടേക്കൊന്നും പോകരുതെന്ന്. ഇപ്പോൾ സ്വന്തം വീട്ടിലിരുന്നാലും സുരക്ഷിതമില്ലാത്ത അവസ്ഥയാണ്.
അപകടമെന്തോ നടന്നിട്ടുണ്ട് നാട്ടിലേക്ക് പോകാമെന്ന് കസിൻ പറയുമ്പോഴും ക്ലാസ് കട്ടുചെയ്താൽ അച്ഛൻ വഴക്കുപറയുമെന്നു പറഞ്ഞു ഗോപിക മൂന്നാറിലേക്ക് പോകാൻ സമ്മതിച്ചില്ല. ദുരന്തത്തിന്റെ ആഴം മനസ്സിലാക്കാതെയാണ് രണ്ടുദിവസങ്ങൾക്കുശേഷം പെട്ടിമുടിയിൽ ചെന്നിറങ്ങുന്നതും. ‘‘ഞങ്ങളെ കണ്ടു എല്ലാവരും കരയാൻ തുടങ്ങിയപ്പോഴാണ് അരുതാത്തതു എന്തോ സംഭവിച്ചിട്ടുണ്ടെന്ന് തോന്നിയത്.
രണ്ടുദിവസം മുൻപുവരെ അവിടെ മനുഷ്യവാസമുണ്ടായിരുന്ന സൂചന പോലും നൽകാനാത്ത തരത്തിൽ പെട്ടിമുടി നിരപ്പായിരുന്നു. ആരൊക്കെയോ അവിടവിടെ ഇരിക്കുന്നു, കുറേപേർ തിരച്ചിൽ നടത്തുന്നു. കുഞ്ഞിവിടെ ഇരിക്കേണ്ടെന്നുപറഞ്ഞ് ഉച്ചയോടെ എല്ലാവരും ചേർന്ന് എന്നെ തിരിച്ചയച്ചു.
തിരികെയിറങ്ങി വണ്ടിയിലിരുന്നിരുന്ന എന്റെ മുന്നിലൂടെയാണ് കണ്ടെത്തുന്ന മൃതദേഹങ്ങൾ കൊളുന്ത് കൊണ്ടുപോകുന്ന ട്രാക്ടറിൽ കൊണ്ടുവച്ചിരുന്നത്. ആ ട്രാക്ടറിലാണ് മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിരുന്നത്. ആ കൂട്ടത്തിൽ അവരുണ്ടാകുമോ? ഇറങ്ങിനോക്കിയാലോ എന്നുചിന്തിക്കുമ്പോഴാണ് ആശുപത്രിയിൽ നിന്നു ഫോൺ വന്നത്.’’ ആശുപത്രിയിലെത്തി, സമയമെടുത്തെങ്കിലും അച്ഛനെയും അമ്മയെയും ഗോപിക തിരിച്ചറിഞ്ഞു. അതായിരുന്നു അവസാനത്തെ കാഴ്ച.
‘‘ഞാൻ ഒരുപാട് പശ്ചാത്തപിച്ചിട്ടുണ്ട് പ്രിയപ്പെട്ടവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാതെ വന്ന് അവരല്ലെന്ന് പറയേണ്ടിവന്ന നിമിഷത്തെ കുറിച്ചോർത്ത്. അമ്മയുടെയും അച്ഛന്റെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞാൻ വായിച്ചിരുന്നു. മരണമടഞ്ഞ എല്ലാവരുടെ റിപ്പോര്‍ട്ടിലും ഏകദേശം ഒരുപോലെയാണ്. വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്, മണ്ണ് വന്ന് അടഞ്ഞിരുന്ന് ശ്വാസം മുട്ടിയാണ് മരിച്ചിരിക്കുന്നത്, അല്പം മുമ്പ് കഴിച്ച ഭക്ഷണം വയറ്റിലുണ്ട്.’’ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ഉടൻ മറവുചെയ്തു.
സംസ്കാരചടങ്ങുകളൊന്നുമുണ്ടായില്ല. മൂന്നുമാസം കഴിഞ്ഞാണ് ഗോപിക തിരുവനന്തപുരത്തേക്ക് തിരിക്കുന്നത്. പഠിക്കാനിരിക്കുന്നതിനിടയിൽ ബയോളജി പുസ്തകത്തിൽ ആന്തരികാവയവങ്ങളുടെ പേരുകാണുമ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഓർമ വരും. കണ്ണീരുവീണ് പുസ്തകത്തിലെ മഷി പരക്കും. പ്രകൃതിയെ ശപിക്കും. സമയമെടുത്തു യാഥാർഥ്യമുൾക്കൊണ്ടുകൊണ്ടുള്ള തിരിച്ചുനടത്തത്തിന്. അന്ന് കൈപിടിച്ചത് അധ്യാപകരും സഹപാഠികളുമാണ്.
‘‘പത്താംക്ലാസിൽ എനിക്ക് മുഴുവൻ എ പ്ലസ് ലഭിക്കുമെന്നാണ് അച്ഛൻ പ്രതീക്ഷിച്ചത്. പക്ഷെ കിട്ടിയില്ല, അച്ഛനാകെ വിഷമിച്ച് മിണ്ടാതിരുന്നു. പ്ലസ്ടുവിന് മുഴുവൻ എ പ്ലസും വാങ്ങുമെന്ന് അന്നച്ഛന് വാക്കുകൊടുത്തതാണ്. അതുപാലിക്കണം. മൂന്നാറിലെ പാവങ്ങളുടെ ഡോക്ടറാകണം. ഡോക്ടറാകാൻ പോകുന്നയാൾ ഇതൊക്കെ വായിച്ച് സങ്കടപ്പെട്ടാൽ എങ്ങനെ ഡോക്ടറാകും? ഞാൻ എന്നോടുതന്നെ ചോദിച്ചു. ഡോക്ടർക്ക് വലിയ ഉത്തരവാദിത്തങ്ങളില്ലേ, വരുന്ന രോഗികൾക്കെല്ലാം കരുതൽ കൊടുക്കുകയാണ് വേണ്ടത് അതിന് നല്ല കരുത്തയാകണം. അച്ഛനും അമ്മയുമില്ലെന്നുറപ്പിച്ച നിമിഷം വിഷമിക്കരുത്, നിന്നെ നോക്കാൻ ഞാനുണ്ടെന്ന് പറഞ്ഞയാളാണ് എന്റെ ചേച്ചി. ചേച്ചി കുസാറ്റിൽ എൻവയേൺമെന്റ് സയൻസിൽ പിജി ചെയ്യുകയാണ്. ഹേമലത എന്നാണ് പേര് അവൾ എന്റെ മുന്നിൽ ഇന്നുവരെ കരഞ്ഞിട്ടില്ല. അവൾക്കും അച്ഛനും അമ്മയ്ക്കും വേണ്ടി എനിക്ക് പഠിച്ച് ഡോക്ടറാകണം. ആ ചിന്തയാണ് എന്നെ മുന്നോട്ടുനടത്തിയത്.
മുറിവുണങ്ങാൻ സമയമെടുക്കും, പക്ഷേ മുന്നോട്ട് നടന്നേ പറ്റൂ ‘‘ആദ്യം സ്വയം അംഗീകരിക്കണം. ഇതെല്ലാം പെട്ടന്നങ്ങ് അംഗീകരിക്കാൻ ആരോടും പറയരുത്. യാഥാർഥ്യം ഉൾക്കൊള്ളാനുള്ള സമയം കൊടുക്കണം, മാനസിക പിന്തുണ നൽകണം. ഘട്ടം ഘട്ടമായി മാത്രമേ മുന്നോട്ട് പോകാനാകൂ. ആദ്യസമയത്ത് ഒരുപാട് പേർ കൂടെയുണ്ടാകും. പക്ഷേ ഒരുഘട്ടത്തിൽ നമ്മൾ തനിച്ചാകും. ആ സമയത്തെ നമ്മൾ മറികടക്കുകയാണ് വെല്ലുവിളി. ഞാൻ വൈകാരികമായി രണ്ടറ്റത്തായിരുന്നു, കരഞ്ഞുതളർന്നിട്ടുണ്ട്. ചിലപ്പോൾ ഞങ്ങളുണ്ട് മോളേ എന്ന സോഷ്യൽ മീഡിയയിലെ ഒരു പരിചയവുമില്ലാത്ത ആളുകളുടെ കമന്റുകൾ പോലും എന്നെ താങ്ങി നിർത്തിയിട്ടുണ്ട്.ഓരോ മനുഷ്യർക്കും ദുഃഖം സഹിക്കാനും മുറിവുണങ്ങാനുമുള്ള കഴിവ് വ്യത്യസ്തമായിരിക്കും അതു മനസ്സിലാക്കി അവർക്കൊപ്പം നിൽക്കുക മാത്രമാണ് പോംവഴി.’’– ഗോപിക പറയുന്നു.
ഉറങ്ങിക്കിടക്കുന്നതിനിടയിൽ ആരെങ്കിലും ലൈറ്റിട്ടാൽ ഇടിമിന്നലാണോയെന്ന് പേടിച്ച് ഞെട്ടിയുണർന്നിരുന്ന, ബയോളജി ടെക്സ്റ്റിലെ ശരീരഭാഗങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വായിക്കുമ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഓർമ വരുന്ന കൗമാരക്കാരിയിൽ നിന്ന് എന്നെ കാണാൻ വരുന്ന രോഗിക്ക് അമ്മയുടെ ഛായയുണ്ടെന്ന് പറഞ്ഞ് കരഞ്ഞാൽ ഞാനെങ്ങനെ ഡോക്ടറാകുമെന്ന് ചിന്തിച്ച് ദുഃഖങ്ങളെ മനക്കരുത്തോടെ മറികടന്ന് ഗോപികയും അവൾക്ക് പിന്തുണയും കരുത്തുമായി ചേച്ചി ഹേമലതയും മുന്നോട്ട് നടക്കാൻ പഠിച്ചുകഴിഞ്ഞു. ‘‘ജീവിതം അങ്ങനെയാണ് മുന്നോട്ടുനടന്നല്ലേ പറ്റൂ..’’ഇരുവരും ചോദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.