പത്തനംതിട്ട : അവശ്യ സാധനങ്ങൾക്കു പുറമേ വൈദ്യുതി ചാർജും പാചകവാതക വിലയും കുതിച്ചു കയറിയതോടെ പിടിച്ചു നിൽക്കാനാകാതെ കാറ്ററിംഗ് മേഖല തളരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞു.
അരി, പലവ്യഞ്ജനം, പച്ചക്കറി, മത്സ്യം, മാംസം, വിറക് തുടങ്ങിയവയ്ക്കെല്ലാം വില വർദ്ധിച്ചു. ഇതനുസരിച്ച് ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയുന്നില്ല. കാറ്ററിംഗ് മേഖലയെ ആശ്രയിച്ച് നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. പാചക തൊഴിലാളികളും വിളമ്പുകാരും വാഹന ഡ്രൈവർമാരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വിളമ്പുകാരിൽ ഏറിയ പങ്കും വിദ്യാർത്ഥികളും വനിതകളുമാണ്. വിദ്യാർത്ഥികൾ പഠനച്ചെലവ് കണ്ടെത്താൻ വിളമ്പിന് പോകാറുണ്ട്.
സാധനങ്ങളുടെ വില വർദ്ധന കാരണം ചെലവ് ചുരുക്കാൻ കാറ്ററിംഗ് ഉടമകൾ ജോലിക്കാരെ കുറയ്ക്കുകയാണ്. മാസ ശമ്പളമുള്ള സ്ഥിരം ജോലിക്കാരും ദിവസ വേതനക്കാരും പാർട്ട് ടൈം ജോലിക്കാരുമാണുളളത്. ഭക്ഷണ വില വർദ്ധിപ്പിച്ചാൽ ബുക്കിംഗ് നഷ്ടമാകും. എന്നാലും സ്ഥിരം ജോലിക്കാർക്ക് വേതനം കൊടുക്കണം. ബുക്കിംഗ് ഇല്ലാത്തപ്പോൾ ദിവസ വേതനക്കാർ മറ്റ് ജോലികൾക്ക് പോകും. പിന്നീട് ബുക്കിംഗ് കിട്ടുമ്പോൾ ജോലിക്കാരെ ലഭിക്കാതെയും വരും.
കാറ്ററിംഗുകാരുടെ വാഹനങ്ങൾ കൊമേഴ്സ്യൽ പെർമിറ്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകാരണം കാറ്ററിംഗ് ഇല്ലാത്തപ്പോൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നില്ല. വാഹനങ്ങൾക്ക് സ്വകാര്യ പെർമിറ്റ് അനുവദിക്കണമെന്നാണ് ആവശ്യം.
ആവശ്യങ്ങൾ
1. വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ
2. ചെറുകിട വ്യവസായമായി അംഗീകരിക്കുക
3. ഓഡിറ്റോറിയങ്ങളിൽ മാലിന്യ സംസ്കരണം ഉറപ്പാക്കുക
ജില്ലയിലെ കാറ്ററിംഗ് യൂണിറ്റുകൾ : 350
ഒരു കാറ്ററിംഗ് സ്ഥാപനത്തിലെ തൊഴിലാളികൾ : 50 - 60
കാറ്ററിംഗുകാർ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരമുണ്ടാകണം. സമരരംഗത്തേക്ക് ഇറങ്ങാനുള്ള തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.