കൽപറ്റ: ഉരുൾപൊട്ടൽ മേഖലകളിൽ കാണാതായവര്‍ക്കായുള്ള തിരച്ചിൽ ആറാം ദിവസം പുരോഗമിക്കുന്നതിനിടെ ചൂരൽമലയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരൽമല അങ്ങാടിയിൽനിന്നാണ് ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തിൽ ഇതുവരെ 353 പേർ മരിച്ചെന്നാണ് അനൗദ്യോഗിക വിവരം.
219 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 205 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ചാലിയാറില്‍നിന്ന് ശനിയാഴ്ച ആകെ 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രണ്ട് മൃതദേഹങ്ങള്‍ ചൂരല്‍മലയില്‍നിന്ന് കണ്ടെടുത്തതടക്കം ശനിയാഴ്ച ആകെ 14 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലാണ് ഞായറാഴ്ച പ്രധാനമായും തിരച്ചിൽ പുരോഗമിക്കുന്നത്. ഏഴോളം പോയിന്റുകൾ കേന്ദ്രീകരിച്ചാണ് ദൗത്യസംഘത്തിന്റെ പരിശോധന. ചൂരൽമല സ്കൂൾ, വെള്ളാർമല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് കൂടുതലായും തിരച്ചിൽ നടക്കുന്നത്.
പുഴയിൽ ഇറങ്ങിയുള്ള പരിശോധനയും നടക്കുന്നുണ്ട്. പുഴയുടെ ഇരുവശത്തും കരയിലും ബെയ്ലി പാലത്തിന് താഴേയുമാണ് തിരച്ചിൽ. പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്തിരുന്നുവെങ്കിലും നിലവിൽ പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജില്ലയിൽ യേല്ലോ അലർട്ടാണുള്ളത്.
മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സൈന്യത്തിന്റെ നേതൃത്വത്തിൽ റഡാർ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽനിന്ന് ശനിയാഴ്ച വ്യോമമാർഗമാണ് ഡ്രോൺ സഹായത്തോടെ പ്രവർത്തിക്കുന്ന റഡാർ എത്തിച്ചത്. മണ്ണിനടിയിൽ മനുഷ്യശരീരം ഉൾപ്പടെ ഉണ്ടോയെന്ന് കണ്ടെത്തുന്ന അത്യാധുനിക ഉപകരണമാണിത് എന്നാണ് ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.