ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഇടുക്കി കുളമാവില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.
'ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടി ആണ്. ജൂലൈ 28 ന് ശക്തമായ മഴയുണ്ടായപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 131.6 വരെയെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് കുറഞ്ഞ് വരുന്ന സ്ഥിതിയാണ്,' മന്ത്രി വ്യക്തമാക്കി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2367 ആണ് എന്നും റൂള്‍ കര്‍വ് പ്രകാരം 2386.8 വരെ പോകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2403 ആണ് മാക്സിമം കപ്പാസിറ്റി എന്നിരിക്കെ 20 അടിയുടെ വ്യത്യാസമുണ്ട് എന്നും റോഷി അഗസ്റ്റിന് പറഞ്ഞു. അതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശകലനം ചെയ്യും. അനിഷ്ട സംഭവമുണ്ടായാല്‍ ആരായിരിക്കണം ഉത്തരവാദിത്തം എന്ന് പരസ്പരം കുറ്റപ്പെടുത്താതെ വ്യക്തത രൂപപ്പെടുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തമിഴ്നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തിക്കൊണ്ട് ഒരു സേഫ്റ്റി കണ്‍സെപ്റ്റ് ഡാം ഉണ്ടാകണം എന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റോഷി അഗസ്റ്റിന് ഉയര്‍ത്തുന്നത് തമിഴ്നാടിന്റെ താത്പര്യവും വാദങ്ങളുമെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് താങ്ങും എന്നത് തമിഴ്നാടിന്റെ കാലങ്ങളായുള്ള വാദമാണ് എന്നും ഇതാണ് കഴിഞ്ഞ ദിവസം മന്ത്രിയും പറഞ്ഞത് എന്നും ഡീന്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ജലവിഭവവകുപ്പ് മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലായിരുന്നു എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിനെ ജലബോംബ് എന്നാണ് ഡീന്‍ പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചത്. വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെയാണ് മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചകളിലേക്ക് വന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംയുക്ത സമരസമിതി കഴിഞ്ഞ ആഴ്ച പ്രതിഷേധിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ പുതുക്കി നിര്‍മിക്കണമെന്ന് ആര് ജെ ഡിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.