കൊച്ചി: സ്വാതന്ത്യദിനത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ടനിര. ഡിജി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളമാണ് കൊച്ചിയിലേതെങ്കിലും നീണ്ട ക്യൂ ആണെന്ന് യാത്രക്കാർ പറയുന്നു.
കൊച്ചി ഉൾപ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകൾ വർധിപ്പിച്ച കാര്യം വിമാനത്താവള അധികൃതർ നേരത്തെ അറിയിച്ചിരുന്നു. നേരത്തേ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികളും യാത്രക്കാർക്ക് അറിയിപ്പ് നൽകുന്നുണ്ട്.
‘‘കൊച്ചിയിൽ മാത്രമല്ല, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന കൂട്ടിയിട്ടുണ്ട്. ആഭ്യന്തര യാത്രകൾക്ക് ഒന്നര മണിക്കൂർ മുൻപ് എത്തുന്നതിനു പകരം 3 മണിക്കൂർ മുൻപെങ്കിലും എത്തണമെന്ന കാര്യം യാത്രക്കാരെ അറിയിക്കുന്നുണ്ട്. ഓഗസ്റ്റ് 20 വരെ ഈ പരിശോധനകൾ തുടരും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്രിസ്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എങ്കിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നേരത്തെ ചെക്ക് ഇൻ കഴിഞ്ഞാൽ പരിശോധന അവസാനിക്കുമായിരുന്നു. ഇപ്പോൾ വിമാനത്തിലേക്ക് കയറുന്നതിനു മുൻപ് സെക്കൻഡറി ലാഡർ പോയിന്റ് ചെക്കിങ് (എസ്എൽപിസി) എന്നൊരു പരിശോധന കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുവെ തിരക്ക് കൂടിയ സമയം കൂടിയാണ്. യാത്രക്കാർ നേരത്തെ എത്തിച്ചേരുക എന്നതു മാത്രമാണ് പോംവഴി.’’– വിമാനത്താവള അധികൃതർ വ്യക്തമാക്കി.
ചെക്ക് ഇൻ സമയമടക്കം ലാഭിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള ഡിജി യാത്രയ്ക്ക് ഒരു കൗണ്ടർ മാത്രമേയുള്ളൂ എന്ന് യാത്രക്കാർ പറയുന്നു. ഇവിടെയും വലിയ ക്യൂ അനുഭവപ്പെട്ടതോടെ ഡിജി യാത്രക്കാർക്ക് പലർക്കും സാധാരണ ചെക്ക് ഇൻ കൗണ്ടറുകളെ ആശ്രയിക്കേണ്ടി വന്നു. സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചതോടെ മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരിൽ ചിലരുടെ യാത്ര മുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നേരത്തെ എത്താനുള്ള അറിയിപ്പ് എയർ ഇന്ത്യ ഉൾപ്പെടെ യാത്രക്കാർക്ക് നൽകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.