തിരുവനന്തപുരം: റെയിൽവേയുടെ നിഘണ്ടുവിൽ നിന്ന് നേമവും കൊച്ചുവേളിയും പുറത്ത്. പകരം തിരുവനന്തപുരത്തിന്റെ പേര് നാലുവട്ടം. റെയിൽവേ വികസനത്തിന്റെ ഭാഗമായി നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നിങ്ങനെ മാറി.ഇതോടെ തിരുവനന്തപുരത്തിന്റെ പേരിൽ 4 റെയിൽവേ സ്റ്റേഷനുകളാണ് ഇനിയുണ്ടാവുക. തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്.
നേമം, കൊച്ചുവേളി എന്നിങ്ങനെയുള്ള രണ്ട് പേരുകൾ റെയിൽവേ ഭൂപടത്തിൽ നിന്നും മായുമ്പോൾ വിസ്മൃതിയിലേക്ക് ചരിത്രത്തെയാണ് തള്ളിവിടുന്നത്.യാത്രക്കാരുടെ സൗകര്യത്തിനാണ് റെയില്‍വേ പേരു മാറ്റുന്നത്. തിരുവനന്തപുരത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനുകളാണിവ. നേമം, കൊച്ചുവേളി എന്ന പേരു കേൾക്കുമ്പോൾ മറ്റേതോ സ്റ്റേഷൻ എന്നു യാത്രക്കാർക്ക് തോന്നുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് തമ്പാനൂരിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ. ചാക്ക വരെയാണ് ആദ്യകാലത്ത് റെയിൽവേ ലൈൻ ഉണ്ടായിരുന്നത്. 1931 നവംബർ നാലിനാണ് ചാക്കയിൽ നിന്നും തമ്പാനൂരിലേക്ക് റെയിൽവേ ലൈൻ നീട്ടുന്നത്.
വർഷങ്ങൾക്കു ശേഷം റെയിൽവേ അലൈൻമെന്റിൽ വന്ന മാറ്റത്തിനു പിന്നാലെയാണ് ചാക്കയോട് ചേർന്നു കിടക്കുന്ന പേട്ടയിൽ തിരുവനന്തപുരം പേട്ട എന്ന റെയിൽവേ സ്റ്റേഷനുണ്ടാകുന്നത്.
തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയിലാണ് നേമം. നേമം എന്നാണ് സ്റ്റേഷന്റെ പേരെങ്കിലും മണ്ഡല പുനർനിർണയത്തെ തുടർന്ന് 2011 മുതൽ സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്നത് കാട്ടാക്കട നിയോജക മണ്ഡലത്തിലായിരുന്നു.
1979 ഏപ്രിൽ 15നാണ് ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള തിരുവനന്തപുരം–കന്യാകുമാരി റെയിൽവേ ലൈൻ തുറന്നത്. 1971 മുതൽ നിർമാണം ആരംഭിച്ചിരുന്നു. അക്കാലത്താണ് നേമം റെയിൽവേ സ്റ്റേഷനും നിലവിൽ വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.