കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്കി.
അതേസമയം, കനത്ത മഴയിലും 30.1 ഡിഗ്രി സെല്‍ഷ്യസാണ് കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില. സാധാരണ ദിവസങ്ങളിലെ താപനിലയേക്കാള്‍ 2.4 ഡിഗ്രി മാത്രം കുറവാണ് ഇത്. 26 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. സാധാരണനിലയിലുള്ളതിനെക്കാള്‍ 0.6 ഡിഗ്രി മാത്രം കുറവാണ് ഇത്.
ബംഗാളിലെ അലിപുര്‍ദ്വാര്‍ ജില്ലയില്‍ മാത്രമാണ് റെഡ് അലര്‍ട്ട് ഉള്ളത്. ഇവിടെ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പുരുലിയ, മുര്‍ഷിദാബാദ്, മാല്‍ഡ, കൂച്ച്ബിഹാര്‍, ജാല്‍പൈഗുരി, ഡാര്‍ജലിങ്, കലിംപോങ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. ഇവിടെ 11 സെന്റിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.