തിരുവനന്തപുരം: ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്കുമാറുമായുള്ള തര്‍ക്കത്തിനൊടുവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. ഉന്നതരുടെ പോരില്‍ മോട്ടോര്‍വാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് കമ്മിഷണറെ മാറ്റിയത്.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇരുവരും തമ്മില്‍ തുടങ്ങിയ തര്‍ക്കം ഒന്നിലേറെ തവണ വാക്പോരിലേയ്ക്ക് നീങ്ങിയിരുന്നു. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല.
ആന്റണി രാജു മന്ത്രിയായിരുന്നപ്പോള്‍, സര്‍ക്കാര്‍ തീരുമാനിച്ച പദ്ധതികളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അഭിപ്രായഭിന്നയുണ്ടെങ്കിലും ഇരുവരും പരസ്യമാക്കിയിരുന്നില്ല. ഡ്രൈവിങ് സ്കൂള്‍ ഉടമകളുമായി നടന്ന ചര്‍ച്ചയ്ക്കിടയില്‍ മന്ത്രി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ശകാരിച്ചതാണ് തുടക്കം. തന്റെ പക്ഷം വിശദീകരിക്കാന്‍ പിന്നീട് മന്ത്രിയുടെ ചേമ്പറിലെത്തിയ കമ്മിഷണറും മന്ത്രിയും തമ്മില്‍ വാക്കേറ്റമായി.
അവധിയില്‍പോയ കമ്മിഷണര്‍ തിരിച്ചെത്തിയ ശേഷം മന്ത്രിയുമായി അകലം പാലിച്ചു. ഇതില്‍പെട്ട് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടസ്സപ്പെട്ടു. നികുതി വെട്ടിപ്പില്‍ ഉള്‍പ്പെടെ കമ്മിഷണര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാരില്‍നിന്നുള്ള നടപടി വൈകി. മറുവശത്ത് മന്ത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കെതിരെയും കമ്മിഷണറേറ്റില്‍നിന്ന് നടപടിയുണ്ടായില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവും പാളി. വകുപ്പ് സ്വന്തമായി ടെസ്റ്റിങ് ട്രാക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും തുടങ്ങാന്‍ കഴിഞ്ഞില്ല. ഉന്നത തലത്തിലെ തര്‍ക്കം കാരണം ഡ്രൈവിങ് സ്കൂള്‍ സമരം ആഴ്ചകള്‍ നീണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പാരമ്യത്തിലായത്. എടപ്പാളിലെ ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടില്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കമ്മിഷണര്‍ ടെണ്ടര്‍ വിളിച്ചു. നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ നല്കിയ അനുമതി റദ്ദാക്കിയ മന്ത്രി ആഗോള ടെണ്ടര്‍ വിളിക്കാന്‍ തീരുമാനിച്ചു. 200 കോടിയില്‍ താഴെയുള്ള പദ്ധതിക്ക് ആഗോള ടെണ്ടര്‍ പ്രായോഗികമല്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും മറുപടി നല്കി.
ഡ്രൈവര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ഭരണസമിതി യോഗത്തിലും മന്ത്രിയും കമ്മിഷണറും തമ്മില്‍ തര്‍ക്കിച്ചു. തുടങ്ങിവച്ച ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കവേയാണ് കമ്മിഷണറെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. റീ ടെണ്ടര്‍ എട്ടിന് തുറന്നിരുന്നു. മന്ത്രിയുടെ എതിർപ്പ് മറികടന്ന് കമ്മിഷണര്‍ നേരിട്ടാണ് ടെണ്ടറുകള്‍ പരിശോധിച്ചത്. മന്ത്രിയുടെ അപ്രീതി ഭയന്ന് ഉദ്യോഗസ്ഥര്‍ ടെണ്ടര്‍ നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.