ന്യൂഡല്‍ഹി: എസ്.സി., എസ്.ടി. വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ (ക്രീമിലെയര്‍) വേര്‍തിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിയെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിഷയത്തിലെ സുപ്രീം കോടതി വിധിയെ മറികടക്കാൻ പാര്‍ലമെന്റിന്റെ വർഷകാല സമ്മേളനത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരേണ്ടിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ ബെഞ്ച് വിഷയത്തില്‍ വിധി പ്രസ്താവിച്ചത്. എസ്.സി. പട്ടികയില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളെ വീണ്ടും ഉപവിഭാഗങ്ങളായി തിരിക്കാൻ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതായിരുന്നു വിധി. എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്കുള്ളിലെ ക്രീമിലെയറിനെ തിരിച്ചറിയാനും സംവരണ ആനുകൂല്യത്തിൽനിന്ന് ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ നയരൂപവത്കരണം നടത്തണമെന്നായിരുന്നു സുപ്രീം കോടതി ജസ്റ്റിസ് ബി.ആര്. ഗവായി ചൂണ്ടിക്കാട്ടിയത്.
വിധിയ്ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച ഖാര്‍ഗെ, ക്രീമിലെയര്‍ കൊണ്ടുവരുന്നതിലൂടെ ആര്‍ക്ക് നേട്ടമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആരാഞ്ഞു. തൊട്ടുകൂടായ്മ നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം ഉണ്ടായേ മതിയാകൂവെന്നും അത് ഉണ്ടാകുമെന്നും ഖാര്‍ഗെ പറഞ്ഞു. അതിനായി ഞങ്ങള്‍ പോരാടും. ബി.ജെ.പി. സംവരണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുമേഖലയിലെ തൊഴിലുകള്‍ സര്‍ക്കാര്‍ സ്വകാര്യവത്കരിച്ചു. നിരവധി തൊഴിലവസരങ്ങളുണ്ട്. എന്നാല്‍, അവര്‍ റിക്രൂട്ട്മെന്റ് നടത്തുന്നില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ജോലി ലഭിക്കുന്നില്ല. ഉന്നതസ്ഥാനങ്ങളില്‍ എസ്.സി. വിഭാഗത്തില്‍നിന്ന് ആരുമില്ല. എസ്.സി., എസ്.ടി. വിഭാഗങ്ങളില്‍നിന്നുള്ളവരെ ക്രീമിലെയറില്‍ ഉള്‍പ്പെടുത്തി അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. കോടതിയുടെ തീരുമാനം അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.