തിരുവല്ലം (തിരുവനന്തപുരം): കോളേജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതിന്റെ മനോവിഷമത്തില്‍ വീട്ടിലെത്തിയ വിദ്യാര്‍ഥിയെ മുറിക്കുള്ളിലെ ശൗചാലയത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ് റോഡില്‍ കൈതവിളാകത്ത് ബിജുവിന്റെയും രാജിയുടെയും മകന് ബിജിത്ത് കുമാര്‍(19) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥിയുടെ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് മൃതദേഹവുമായി വണ്ടിത്തടത്തെ കോളേജിന് മുന്നില്‍ പ്രതിഷേധിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30- നായിരുന്നു സംഭവം. സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷന്റെ നിയന്ത്രണത്തിലുള്ള വണ്ടിത്തടം എം.ജി. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പോളിടെക്നിക് വിഭാഗത്തിലുള്ള ഇലക്ട്രിക് ആന്‍ഡ് ഇലക്ട്രോണിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു മരിച്ച ബിജിത്ത്.
കോളേജിലെ ക്ലാസ് മുറിയില്‍ ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്, പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു.
ഇതേത്തുടര്‍ന്ന് തിരുവല്ലം പോലീസിലും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയും വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
നടപടിയുടെ ഭാഗമായി ബിജിത്ത് ഉള്‍പ്പെടെ അഞ്ചുപേരെ പ്രിന്‍സിപ്പല്‍ ഡോ. ജെയ്കുമാര്‍ സസ്പെന്‍ഡ് ചെയ്തതായി സ്ഥലത്തെത്തിയ രക്ഷിതാക്കളെ അറിയിച്ചു.
ശേഷം ബിജിത്ത് കുമാര്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറി രാമചന്ദ്രന് പറഞ്ഞു.
വീട്ടിലെത്തിയശേഷം ബിജിത്ത്കുമാര്‍ മുറിയില്‍ കയറി കതകടച്ച് കിടന്നിരുന്നു. ബിജിത്തിന്റെ അച്ഛന് ബിജു ജോലിചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു.
മുറിയില്‍ കയറിയ ബിജിത്തിനെ പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കതക് ചവിട്ടി തുറന്നു നോക്കിയപ്പോഴാണ് ശൗചാലയത്തിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് തിരുവല്ലം പോലീസ് സ്ഥലതെത്തി. ഒപ്പം പഠിക്കുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം റാഗ് ചെയ്തതിന്റെ മനോവിഷമത്തിലാണ് തങ്ങളുടെ മകന് ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ ആരോപണം.
സ്ഥാപനത്തിൽ റാഗിങ് പോലുളള സംഭവം നടന്നിട്ടില്ലെന്നും ക്ലാസ് മുറിയിൽ മദ്യപിച്ചതിനെ തുടർന്ന് ബിജിത് ഉൾപ്പെട്ട അഞ്ചുപേരെ സസ്പെൻഡ് ചെയ്യുകയായിരുന്നു എന്നും പ്രിൻസിപ്പിൽ ഡോ. ജെയ്കുമാർ പറഞ്ഞു.
വിദ്യാര്‍ഥിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടില്ല. അതേസമയം വീട്ടുകാര്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബിജിതയാണ് ഏക സഹോദരി.
കൗണ്‍സിലര്‍മാരായ പനത്തുറ ബൈജു, ഡി.ശിവന്‍കുട്ടി, സത്യവതി എന്നിവരുടെ നേതൃത്വത്തിലുളള നേതാക്കളാണ് ബിജിത്തിന്റെ മൃതദേഹവുമായി പ്രതിഷേധിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.