കൊച്ചി: ഗുരുവായൂർ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് ഗുരുവായൂർ ഇല്ലംനിറ.
നമസ്കാര മണ്ഡപത്തിൽ തന്നെ ഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് പുഴക്കര ചേന്നാസ് മനയിലെ പി.സി.കൃഷ്ണൻ എന്നയാൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ദേവസ്വം ബെഞ്ച് സ്പെഷൽ സിറ്റിങ്ങിൽ ഉത്തരവിട്ടത്.
ദേവസ്വം ഭരണസമിതിയുടെ തീരുമാനം ദേവഹിതവും തന്ത്രിയുടെ അഭിപ്രായവും കണക്കിലെടുത്താണെന്നും അതിനാൽ ഇടപെടാനാവില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
ഈ മാസം ഏഴിനാണ് ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തത്. ഭക്തജനങ്ങൾക്കുള്ള സൗകര്യം കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.
നെൽക്കതിർ കറ്റകൾ കൊടിമരത്തിന് ചുവട്ടിൽ ബലിക്കല്ലിനരികിൽ വച്ച് പൂജ ചെയ്താൽ പന്തീരടി പൂജ പെട്ടെന്ന് കഴിക്കാനും അതുവഴി പുലർച്ചെ 5 മുതൽ ഭക്തർക്ക് ദർശന സൗകര്യം ഏർപ്പെടുത്താനും കഴിയും എന്ന് ഭരണസമിതി വിലയിരുത്തിയിരുന്നു.
ഇത്തവണത്തെ ഇല്ലം നിറ പൂജയുടെ ആലോചനാ യോഗത്തിൽ പങ്കെടുത്ത തന്ത്രി, ദേവഹിതം അറിയിക്കുകയും ചടങ്ങുകൾ കൊടിമരച്ചുവട്ടിലേക്ക് മാറ്റാവുന്നതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.