ഡെന്‍മാര്‍ക്ക്: കളിപ്പാട്ടങ്ങളേക്കാൾ കുട്ടികൾക്ക് ഇന്ന് പ്രിയം സ്മാർട്ഫോണുകളോടും മറ്റു ഗാഡ്ജറ്റുകളോടുമാണ്. ഉണ്ണാനും ഉറങ്ങാനും വരെ ഇവ വേണമെന്ന അവസ്ഥ. ഡിജിറ്റല്‍ യുഗത്തിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിച്ച് ചുറ്റുമുള്ളവര്‍ ജീവിക്കുന്നത് കാണുന്ന കുട്ടികളോട് ഫോണും ടാബ്ലറ്റും ഉപയോഗിക്കരുതെന്ന് പറയുന്നതും പ്രായോഗികമല്ല. എന്നാല്‍ സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുമെന്ന് പറയുകയാണ് ഗവേഷകർ.
യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ഡെന്‍മാര്‍ക്ക് പുറത്തുവിട്ട പഠനത്തിലാണ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ദിവസവും 7-8 മണിക്കൂര്‍ വരെ സ്‌ക്രീന്‍ ടൈം നീളുന്ന സാഹചര്യത്തില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് മണിക്കൂറായെങ്കിലും വെട്ടിച്ചുരുക്കണമെന്ന് പഠനത്തില്‍ പറയുന്നു. ഇത് കുട്ടികളുടെ മാനാസിക ആരോഗ്യത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
നാലിനും പതിനേഴും ഇടയിലുള്ള 181 കുട്ടികളും കൗമാരപ്രായക്കാരുമടക്കം 89 കുടുംബങ്ങളാണ് പഠനത്തിന്റെ ഭാഗമായത്. ഇരു ഗ്രൂപ്പുകളായി തിരിച്ചാണ് രണ്ടാഴ്ച നീണ്ടുനിന്ന പഠനം നടത്തിയത്. സാമൂഹിക മാധ്യമങ്ങളുടെ ഉപഭോഗം കുറയ്ക്കാനും ഫോണും ടാബ്ലറ്റും മാറ്റിവെച്ച് സ്‌ക്രീന്‍ ടൈം ആഴ്ചയില്‍ മൂന്ന് മണിക്കൂറായി ചുരുക്കാനും ആദ്യ ഗ്രൂപ്പിനോട് പറഞ്ഞു. രണ്ടാമത്തെ ഗ്രൂപ്പിന് ഇത്തരം നിയന്ത്രണങ്ങളൊന്നും നല്‍കിയില്ല.
സ്‌ക്രീന്‍ ടൈം കുറച്ച ഗ്രൂപ്പിലെ കുട്ടികളില്‍ പ്രകടമായ മാറ്റങ്ങൾ കണ്ടതായി ഗവേഷകര്‍ പറയുന്നു. സമപ്രായക്കാരുമായി വ്യക്തമായി ആശയവിനിമയം നടത്താനും വികാരങ്ങളെ നിയന്ത്രിക്കാനും കുട്ടികള്‍ക്ക് കഴിയുന്നതായും കണ്ടെത്തി.
വാശിപിടിക്കുമ്പോഴും കരയുമ്പോഴുമൊക്കെ മൊബൈൽ ഫോണുകൾ നൽകി ശാന്തരാക്കുന്നത് പിൽക്കാലത്ത് അവരുടെ സ്വഭാവരൂപീകരണത്തെവരെ ബാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. കുട്ടികൾ കരയുന്ന സമയത്തോ, ദേഷ്യം പ്രകടിപ്പിക്കുമ്പോഴൊ ഒക്കെയാണ് മാതാപിതാക്കൾ ഫോൺ നൽകുക. ഇതോടെ അവർ ദേഷ്യവും സങ്കടവുമൊക്കെ മാറ്റി ശാന്തരാവും. എന്നാൽ ഈ ശീലം വലുതാകുന്നതോടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിന് തടസ്സമാകുമെന്ന് ഗവേഷകർ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.