കൊൽക്കത്ത :മലയാള സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകനിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര.
വർഷങ്ങൾക്ക് മുൻപ് ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാനെത്തിയ തന്നോട് സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നും തന്റെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നും ശ്രീലേഖ പറഞ്ഞു.
എതിർത്ത് മുറിയിൽ നിന്ന് ഇറങ്ങിപ്പോയ തനിക്ക് തിരികെ പോകാനുള്ള പണം പോലും സിനിമയുടെ നിർമാതാക്കളിൽ നിന്ന് ലഭിച്ചില്ലെന്നും പിന്നീട് മലയാളത്തിൽ അഭിനയിച്ചിട്ടില്ലെന്നും ശ്രീലേഖ പറഞ്ഞു.
ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങൾ മുതലായ കാര്യങ്ങൾ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയിൽ വച്ച് ദുരനുഭവമുണ്ടായതെന്ന് നടി വിവരിക്കുന്നു.
നിർമാതാവ് ഉൾപ്പെടെ പരസ്പരം എല്ലാവരെയും പരിചയപ്പെടുത്താനാണ് വിളിച്ചത്. പെട്ടെന്ന് സംവിധായകൻ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു.
ആദ്യം അയാൾ വളകളിൽ തൊടാൻ തുടങ്ങി. അത്തരം വളകൾ കണ്ട കൗതുകമാണെന്നാണ് കരുതിയത്. അത് തികച്ചും നിഷ്‌കളങ്കമായ പ്രവൃത്തിയെന്ന ആനുകൂല്യം അയാൾക്ക് നൽകാം എന്ന് കരുതി. എന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി.
എന്റെ കഴുത്തിനരികിലേക്ക് സ്പർശനം നീണ്ടപ്പോൾ ഞാൻ പെട്ടെന്ന് ആ മുറിയിൽ നിന്നിറങ്ങി. ടാക്‌സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തിൽ കഴിച്ചുകൂട്ടിയതെന്ന് നടി പറഞ്ഞു.
തന്നെ സിനിമയിലേക്ക് ക്ഷണിച്ചയാളെ ബന്ധപ്പെട്ട് റിട്ടേൺ ടിക്കറ്റിനുള്ള പണം ആവശ്യപ്പെട്ടിട്ട് അത് നൽകാൻ പോലും ആരും തയാറായില്ലെന്ന് ശ്രീലേഖ പറഞ്ഞു. പിന്നീട് സ്വന്തം പണമുപയോഗിച്ച് ടിക്കറ്റെടുത്താണ് മടങ്ങിയത്.
പിന്നീട് മലയാളത്തിൽ അഭിനയിക്കാൻ വരികയോ കേരളത്തിലേക്ക് എത്തുകയോ ചെയ്തിട്ടില്ലെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.