ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ 2024-ന്‍മേലുള്ള അവലോകനത്തിനായി സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.) രൂപവത്കരിച്ചു. 31 അംഗ ജെ.പി.സിയില്‍ 21 അംഗങ്ങള്‍ ലോക്സഭയില്‍നിന്നും 10 അംഗങ്ങള്‍ രാജ്യസഭയില്‍നിന്നുമാണ്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. എം.പിമാരായ ജഗദംബിക പാല്‍, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത്ത് ഗംഗോപാധ്യായ, ഡി.കെ. അരുണ എന്നിവര്‍ ലോക്സഭയില്‍നിന്നുള്ള ഭരണകക്ഷി അംഗങ്ങളാണ്. ഗൗരവ് ഗൊഗോയി, ഇമ്രാന്‍ മസൂദ്, മൊഹമ്മദ് ജാവേദ് എന്നിവരാണ് കോണ്‍ഗ്രസില്‍നിന്ന് സമിതിയില്‍ ഉള്ളത്.
സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് മൊഹിബുല്ല നദ്വി, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജി, ഡി.എം.കെയില്‍നിന്ന് എ. രാജ എന്നിവര്‍ സമിതി അംഗങ്ങളാണ്. ടി.ഡി.പിയില്‍നിന്ന് ലാവു ശ്രീകൃഷ്ണ ദേവരായലു, ജെ.ഡി.യുവില്‍നിന്ന് ദിലേശ്വര്‍ കാമത്ത്, ഉദ്ധവ് ശിവസേനയില്‍നിന്ന് അരവിന്ദ് സാവന്ത്, എന്‍.സി.പി. ശരദ്ചന്ദ്ര പവാറില്‍നിന്ന് സുരേഷ് ഗോപിനാഥ് മഹത്രെ, ശിവസേനയില്‍നിന്ന് നരേഷ് മഹ്സ്‌കേ, എല്‍.ജെ.പി. രാം വിലാസില്‍നിന്ന് അരുണ്‍ ഭാരതി, എ.ഐ.എം.ഐ.എം. എം.പി. അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്സഭയില്‍നിന്നുള്ള മറ്റ് അംഗങ്ങള്‍.
രാജ്യസഭയില്‍നിന്ന് ബി.ജെ.പി. എം.പിമാരായ ബ്രിജ് ലാല്‍, മേധ വിശ്രം കുല്‍കര്‍ണി, ഗുലാം അലി, രാധാമോഹന്‍ദാസ് അഗര്‍വാള്‍ എന്നിവരും കോണ്‍ഗ്രസില്‍നിന്ന് സയ്യിദ് നാസര്‍ ഹുസൈനും തൃണമൂല്‍ പ്രതിനിധിയായി മുഹമ്മദ് നദീമുല്‍ ഹഖും അംഗങ്ങളാവും. വൈ.എസ്.ആര്‍. കോണ്‍ഗ്രസില്‍നിന്ന് വി. വിജയസായ് റെഡ്ഡി, ഡി.എം.കെയില്‍നിന്ന് എം. മൊഹമ്മദ് അബ്ദുള്ള, ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് സഞ്ജയ് സിങ്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ഡി. വീരേന്ദ്ര ഹെഗ്ഡെ എന്നിവരും സമിതിയിലുണ്ടാവും.
ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബിൽ പിൻവലിക്കുകയോ സ്ഥിരം സമിതിക്ക് വിടുകയോ ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് പറഞ്ഞ കിരൺ റിജിജു, ബിൽ ജെ.പി.സിക്ക് വിടണമെന്ന് ശുപാർശ ചെയ്യുകയായിരുന്നു. തുടർന്ന് എല്ലാ പാർട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്ത് ജെ.പി.സി. രൂപവത്കരിക്കുമെന്ന് ബിൽ അവതരിപ്പിച്ച വ്യാഴാഴ്ച സ്പീക്കർ ഓം ബിർള ലോക്‌സഭയെ അറിയിച്ചു.
അതേസമയം, ബിൽ ജെ.പി.സിക്ക് വിട്ടത് ദരുദ്ദേശപരമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആരോപിച്ചിരുന്നു. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന്മേൽ കത്തിവെക്കുന്ന ഇത്തരം ബില്ലുകൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.