വയനാട്: രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍ തീരുമാനിച്ചത്. രാത്രി ആയതിനാൽ ഫ്ലഡ് ലൈറ്റ് ഉൾപ്പെടെ ഒരുക്കിയാകും പരിശോധന.
സൈനികർ വൈകാതെ പരിശോധനയ്ക്കായി തിരിച്ചെത്തും. കലുങ്കിനകത്ത് പരിശോധന നടത്തുന്നവരോടും സൈന്യം, എന്‍ഡിആര്‍എഫ് സംഘങ്ങളോടും പിന്മാറാന്‍ റഡാര്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം നിര്‍ദേശം നല്‍കി മിനിറ്റുകള്‍ക്കകമാണ് പരിശോധന തുടരാന്‍ നിർദേശിച്ചത്.
നാലു ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വസിക്കുന്നതിന്റെ സൂചന ലഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ജീവന്റെ സാന്നിധ്യം മാത്രമാണ് ലഭിച്ചത്. അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്തുവാണോയെന്ന് അറിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ നാലുപേരെക്കൂടി രക്ഷാപ്രവർത്തകർ രാവിലെ രക്ഷിച്ചിരുന്നു. മുണ്ടക്കൈ പടവെട്ടിക്കുന്നിലാണ് രക്ഷാപ്രവർത്തനത്തിനിടെ നാലുപേരെ വീട്ടിൽ കണ്ടെത്തിയത്. ജോൺ, ജോമോൾ ജോൺ, ഏബ്രഹാം ജോൺ, ക്രിസ്റ്റീൻ ജോൺ എന്നിവർക്കാണു രക്ഷാപ്രവർത്തകർ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഇവർ വീട്ടിൽ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു.
‘‘രാവിലെയാണ് നാലുപേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചത്. ഉരുൾപൊട്ടിയൊഴുകിയതിന്റെ വലതുഭാഗത്തായുള്ള ഹോംസ്റ്റേയിലായിരുന്നു ഇവർ. നിലവിൽ സുരക്ഷിതരാണെന്ന സ്വയം ബോധ്യത്തിൽ അവിടെ തുടരാൻ അവർ തീരുമാനിക്കുകയായിരുന്നു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയപ്പോൾ ബന്ധുവീട്ടിലേക്കു മാറാമെന്ന് സമ്മതിച്ചു. ബന്ധുവിന്റെ വാഹനം എത്തിച്ച് പുത്തുമല വഴി എലവയൽ എന്ന സ്ഥലത്തേക്ക് അയച്ചു. ഉരുൾപൊട്ടൽ കാരണമുള്ള പരുക്കൊന്നും ഇവർക്കില്ല. ഈ മേഖലയിൽ ഇനി ആരും താമസിക്കുന്നില്ല’’ – രക്ഷാപ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞു.
ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 334 ആയി. വെള്ളിയാഴ്ച 18 മൃതദേഹങ്ങൾ കൂടി ലഭിച്ചു. ഇനി 280 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ 184 മൃതദേഹങ്ങളാണു കണ്ടെടുത്തത്. വെള്ളിയാഴ്ച 12 മൃതദേഹങ്ങൾ കണ്ടെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.