തിരുവനന്തപുരം: തലസ്ഥാനത്ത് വിമാനത്താവളത്തിന് സമീപത്തുനിന്ന് ഓട്ടോ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കള്ളക്കടത്തെന്ന് വിവരം.
തട്ടിക്കൊണ്ട് പോകപ്പെട്ട ആളിനെ പോലീസ് തിരിച്ചറിഞ്ഞു. തമിഴ്നാട് സ്വദേശി മുഹമ്മദ് ഉമറിനെയാണ് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു. ഉമറിന്റെ പക്കല്‍ സ്വര്‍ണം ഇല്ലാഞ്ഞതിനാല്‍ ഇയാളെ സംഘം വഴിയില്‍ ഉപേക്ഷിച്ചെന്നാണ് കരുതുന്നത്. ഉമറിനെ വഞ്ചിയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ നിന്ന് യാത്രക്കാരനെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുനല്‍വേലി സ്വദേശി ഉമറിനെയാണ് തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സിങ്കപ്പൂരില്‍ നിന്ന് എത്തുന്ന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം വാങ്ങി മറ്റൊരു സംഘത്തെ ഏല്പിക്കാന് നിയോഗിക്കപ്പെട്ട ആളായിരുന്നു.
എന്നാല്‍ സിങ്കപ്പൂരിൽനിന്ന് എത്തിയ യാത്രക്കാരനെ കസ്റ്റംസ് തടഞ്ഞുവെച്ചതോടെ പദ്ധതി പാളി. സ്വര്‍ണം കിട്ടാതെ ഉമര്‍ മടങ്ങി. എന്നാല്‍ ഇതൊന്നും അറിയാതെ കള്ളക്കടത്ത് സ്വര്‍ണം പൊട്ടിക്കാനെത്തിയ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ട് പോയത്. സിങ്കപ്പൂര്‍ യാത്രക്കാരനില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണം ഉമറിന്റെ പക്കല്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
ഇവര്‍ തിരുവനന്തപുരം സ്വദേശികളെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സ്വര്‍ണം ഇല്ലെന്ന് വ്യക്തമായതോടെ ഇവര്‍ ഉമറിനെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. എന്നാല്‍ ഉമറിനേയും തട്ടിക്കൊണ്ട് പോയ സംഘത്തെയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഉമറിനെ കിട്ടിയതോടെ തട്ടിക്കൊണ്ടുപോയ സംഘത്തിനായി തമിഴ്നാട്ടിലും തിരുവനന്തപുരത്തുമായി ഊർജ്ജിതമായ അന്വേഷണമാണ് നടക്കുന്നത്.
സംഘത്തിൽ അഞ്ചുപേരുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. തട്ടിക്കൊണ്ട് പോകാനെത്തിയ സംഘം ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. റെന്റ് എ കാര്‍ വ്യവസ്ഥയില്‍ വാടകയ്ക്ക് എടുത്തതാണ് കാറെന്ന് കണ്ടെത്തി. പലരില്‍ നിന്ന് കൈമാറിയാണ് തട്ടിക്കൊണ്ട് പോകല്‍ സംഘത്തിന്റെ കൈവശം കാറെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.