കൊച്ചി: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഭീകരപ്രവർത്തനത്തിനു തുല്യമായ വിദ്വേഷ പ്രചരണമാണു നടന്നതെന്നും യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കേണ്ടതാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ആലുവയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ക്യാംപിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകര പ്രവർത്തനത്തിനു തുല്യമായ വിദ്വേഷ പ്രചരണം നടന്നതിന്റെ എല്ലാ തെളിവുമുണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കൂട്ടുകാരെ സംരക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കേരളത്തിന്റെ മതേതര സ്വഭാവത്തിന് അപമാനവും കളങ്കവുമുണ്ടാക്കിയ സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.
നീതിന്യായവ്യവസ്ഥയ്ക്കു തന്നെ വെല്ലുവിളിയായ സംഭവമാണു നടന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. രണ്ടു മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കി അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഹീനമായ ശ്രമമാണ് ഉണ്ടായത്.
രണ്ടു ലഘുലേഖ കൈവശം വച്ചതിന് രണ്ടു കുട്ടികൾക്കെതിരെ യുഎപിഎ ചുമത്തിയ സർക്കാരാണിത്. സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിലാണ് രാഹുൽ മാങ്കൂട്ടിലിെന അറസ്റ്റ് ചെയ്ത് കുറേ ദിവസം ജയിലിൽ ഇട്ടത്. ശബരിനാഥിനെതിരെ കേസെടുത്തു. സർക്കാരിനെതിരെ വിമർശിച്ചതിനു കേസെടുക്കുന്നു. എന്നാൽ നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേസില്ല.
കേരളത്തിലെ പൊലീസിനറിയാം ഇത് ഏതു വ്യക്തിയാണു ചെയ്തത് എന്ന്. ഡിവൈഎഫ്ഐക്കാരനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പുറത്തുവന്നത്. ഇല്ലെങ്കിൽ ഇത് ഖാസിമിന്റെ തലയിൽ ഇരുന്നേനെ എന്ന് സതീശൻ പറഞ്ഞു.
ഇത് മുഴുവൻ സിപിഎമ്മുകാരാണ് ചെയ്തിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ? വർഗീയ കലാപം വരെ ഉണ്ടാകാൻ സാധ്യതയുള്ള ഭിന്നിപ്പ് ഉണ്ടാക്കിയതിൽ മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ? മുഖ്യമന്ത്രി ഈ ക്രിമിനലുകൾക്ക് കുടപിടിച്ചു കൊടുക്കുകയാണ്.
തിരഞ്ഞെടുപ്പിന്റെ തലേന്നോ തിരഞ്ഞെടുപ്പു ദിവസമോ വർഗീയ കലാപമുണ്ടാകാൻ സാധ്യതയുണ്ടായിരുന്ന ഒന്നായിരുന്നു ആ വ്യാജ സ്ക്രീൻ ഷോട്ട്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടാണ്. ആ ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്.
എന്നിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. ബാക്കി നാട്ടിലുള്ളവരെല്ലാം അറിഞ്ഞു. എന്നിട്ടും സ്വന്തം പൊലീസ് കൊടുത്ത റിപ്പോർട്ട് പോലും അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നതെന്ന് സതീശൻ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.