കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിയേക്കുറിച്ച് സൂചനയില്ല; സാമൂഹികമാധ്യമങ്ങളിൽ കൂടിയുള്ള അപവാദപ്രചാരണങ്ങളിൽ ദുഃഖിതരായി കുടുംബം

തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ 13 വയസ്സുകാരിയേക്കുറിച്ച്  സൂചനയില്ല.

കുട്ടി കന്യാകുമാരിയിലുണ്ടെന്ന നിഗമനത്തില്‍ ഇവിടെ റെയില്‍വേസ്റ്റേഷനിലും ബീച്ചിലും മറ്റിടങ്ങളിലുമെല്ലാം പോലീസ് അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചില്ല. റെയില്‍വേസ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും കുട്ടിയെ കണ്ടെത്താനായില്ല.

അതേസമയം, കന്യാകുമാരിയില്‍നിന്ന് മറ്റെവിടേക്കെങ്കിലും ട്രെയിന്‍ കയറി യാത്രതിരിച്ചോ എന്ന സംശയത്തില്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് പോലീസും ആര്‍.പി.എഫും തിരച്ചില്‍ തുടരുകയാണ്. 

കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള സാധ്യത പരിഗണിച്ച് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ട്രെയിനുകളിലും ബസ്സുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. 

കന്യാകുമാരി, നാഗര്‍കോവില്‍ തുടങ്ങിയ മേഖലകളില്‍ കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായി നടത്തുന്ന തിരച്ചിലും തുടരുകയാണ്.

അതിനിടെ, കുട്ടി ചെന്നൈയില്‍ ജോലിചെയ്യുന്ന മൂത്ത സഹോദരന്റെ അടുത്തേക്ക് പോയിരിക്കാമെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍, താന്‍ ഇപ്പോള്‍ ബെംഗളൂരുവിലാണെന്നും കുട്ടി തന്റെ അടുത്തേക്ക് വന്നിട്ടില്ലെന്നും സഹോദരനായ വാഹിദ് ഹുസൈന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുട്ടി തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് ട്രെയിനിലെ യാത്രക്കാരി കുട്ടിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് കാണാതായ തസ്മീന്‍ തന്നെയാണെന്ന് കുടുംബവും പോലീസും സ്ഥിരീകരിച്ചു. 

ഇതോടെയാണ് കന്യാകുമാരി കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. എന്നാല്‍, മറ്റുസൂചനകളൊന്നും കിട്ടാത്തതിനാല്‍ കുട്ടിയ്ക്കായുള്ള അന്വേഷണം കന്യാകുമാരിയില്‍ വഴിമുട്ടിനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10-മണിയോടെ കാണാതായത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ വൈകീട്ട് നാലോടെ കഴക്കൂട്ടം പോലീസില്‍ അറിയിച്ചു.

രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്. 

കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളില്‍ പ്രവേശനം നേടാന്‍ ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സംഭവം അറിഞ്ഞയുടന്‍തന്നെ കഴക്കൂട്ടം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറി. 

സി.സി.ടി.വി.യും മറ്റും പരിശോധിച്ചാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അസമീസ് ഭാഷ മാത്രമേ കുട്ടിക്കറിയൂവെന്ന് മാതാപിതാക്കള്‍ പറയുന്നു.

മകളെ കാണാതായതിന്റെ തീരാവേദനയ്ക്കിടെ തങ്ങളെ സംബന്ധിച്ചുള്ള അപവാദപ്രചാരണങ്ങളിൽ കടുത്ത ദുഃഖത്തിലാണ് അന്‍വര്‍ ഹുസൈന്റെ കുടുംബം. 

കാണാതായ 13 വയസ്സുകാരിയെ മര്‍ദിച്ചെന്നും ഇതേത്തുടര്‍ന്നാണ് വീട് വിട്ടിറങ്ങിയതെന്നുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാത്രമല്ല, ഒപ്പമുള്ളത് രണ്ടാനമ്മയാണെന്നും ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തെറ്റാണെന്നാണ് കുടുംബം പറയുന്നത്.

ആരോപണങ്ങള്‍ ശരിയല്ലെന്നും താന്‍ രണ്ടാനമ്മയല്ലെന്നും കുട്ടിയെ മര്‍ദിച്ചിട്ടില്ലെന്നും മകളെ കാണാതായ വേദനയ്ക്കിടെയും മാതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു. 

കുട്ടികള്‍ തമ്മില്‍ അടികൂടിയപ്പോള്‍ തസ്മീനെ ശകാരിച്ചതാണ്. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ വിഷമമുണ്ടെന്നും കുടുംബം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !