കൊച്ചി: പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരേ കടുത്ത ആരോപണങ്ങളുമായി മുതിർന്ന കോൺഗ്രസ് വനിതാ നേതാവ് സിമി റോസ്ബെൽ ജോൺ.
നേതാക്കളോട് അടുപ്പമുള്ളവർക്ക് മാത്രമേ അവസരങ്ങൾ ലഭിക്കുന്നുള്ളൂ എന്നും സിനിമയിലേതിന് സമാനമായ 'കാസ്റ്റിങ് കൗച്ച്' കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.
ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ട്. സമയം വരുമ്പോൾ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ അനർഹർക്കാണ് സ്ഥാനമാനങ്ങൾ ലഭിക്കുന്നതെന്നും ജെബി മേത്തർ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമർശിച്ചു.
യൂത്ത് കോൺഗ്രസിൽ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയപ്പോൾ ഞങ്ങൾ മൗനംപാലിച്ചു. എട്ടുവർഷം മുമ്പ് മഹിളാ കോൺഗ്രസിൽ അംഗത്വമെടുത്തപ്പോഴും മൗനംപാലിച്ചു.
അന്ന് പത്മജ ചേച്ചി (പത്മജ വേണുഗോപാൽ) ഉൾപ്പെടെയുള്ളവർ പ്രതികരിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. പ്രവർത്തനത്തിലൂടെ വന്നവർ ഇപ്പോഴും തഴയപ്പെടുകയാണ്.
അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങൾ കെപിസിസിയിൽ ഉണ്ടെന്ന് പരിശോധിക്കണം. അവരേക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്, സിമി റോസ്ബെൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.