തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുന്ന സ്മാർട് റോഡുകളുടെ നിർമാണം അവസാന ഘട്ടത്തിൽ. വെള്ളയമ്പലത്തെ ആൽത്തറ മുതൽ ചെന്തിട്ടവരെ നാലുവരിയായി നിർമിക്കുന്ന സിവി രാമൻപിള്ള റോഡാണ് ആദ്യം പൂർത്തിയാകുക. പിന്നാലെ തന്നെ മറ്റ് ഒൻപത് റോഡുകളും തയ്യാറാകും.
ഈ റോഡുകളിൽ മണ്ണിനടിയിൽ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഇതിന് പിന്നാലെ തന്നെ അന്തിമ ടാറിങ് ഉടൻ ആരംഭിക്കും.സിവി രാമൻപിള്ള റോഡിൽ കേബിളുകളുടെ പ്രവൃത്തികളെല്ലാം പൂർത്തിയായി കഴിഞ്ഞു. മീഡിയന്‍റെ നിർമാണമാണ് നിലവിൽ പുരോഗമിക്കുന്നത്.
റോഡ് ഗതാഗതത്തെ ബാധിക്കാത്ത രീതിയിലാണ് സ്മാർട് റോഡുകളുടെ അനുബന്ധ പ്രവൃത്തി പുരോഗമിക്കുന്നത്. സ്മാർട്ട് സിറ്റിയുടെ ഭാഗമായ 10 റോഡുകൾ കെആർഎഫ്ബിയാണ് നിർമിക്കുന്നത്. ഓണത്തിനുമുമ്പ് എല്ലാ റോഡുകളും രണ്ടാംഘട്ട ടാറിങ് പൂർത്തിയാക്കി തുറന്നുനൽകുമെന്നാണ് കെആർഎഫ്ബി പറയുന്നത്.
റോഡുകളുടെ ഇരുവശവും കൈവരിയോടുകൂടിയ നടപ്പാതയിൽ കാഴ്ചപരിമിതർക്ക് ശബ്ദസഹായത്തോടെ നടക്കാൻ സഹായിക്കുന്ന ടോക് ടൈലുകൾ പാകും. റോഡിന്‍റെ നടുവിലും ഇരുവശങ്ങളിലും വഴിവിളക്കുകൾ സ്ഥാപിക്കും. സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ ആൽത്തറ മുതൽ തൈക്കാട് ഗസ്റ്റ് ഹൗസ് വരെ നടപ്പാതയോടുചേർന്ന് സൈക്കിൾ ട്രാക്കും ഉണ്ടാകും.
എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റിൽനിന്ന് രക്ഷിക്കാൻ മീഡിയനിൽ ഉടനീളം ആന്‍റി ഗ്ലെയർ മീഡിയൻ ഉണ്ടാകും. 77 കോടി രൂപയാണ് നിർമാണച്ചെലവ്. അയ്യൻകാളി ഹാൾ - ഫ്ലൈ ഓവർ റോഡ് നഗരത്തിലെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമാകും. അന്തിമഘട്ട ടാറിങ് പൂർത്തിയായാൽ നാലുസോണായി തിരിച്ച് നൈറ്റ് ലൈഫിനായി റോഡ് വികസിപ്പിക്കാനാണ് തീരുമാനം.
വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന രീതിയിലാകും റോഡ്. നടന്നാൽ ലൈറ്റുകൾ പ്രകാശിക്കുന്ന എൽഇഡി ഇന്‍റർആക്ടീവ് തറകൾമുതൽ അലങ്കാരമത്സ്യടാങ്കുകൾവരെ വീഥിയിലുണ്ടാകും. ഇലക്ട്രോണിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ, ഇരിപ്പിടങ്ങൾ, വീൽച്ചെയർ സൗകര്യം, സ്‌മാർട്ട് ബസ് ഷെൽട്ടർ, സ്‌മാർട്ട് ടോയ്‌ലെറ്റുകൾ, ഇൻഫർമേഷൻ ബോർഡ് സോൺ എന്നിവയും സജ്ജമാക്കും.
ഒരു കിലോമീറ്റർ വരുന്ന കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡിലെ ഓട നിർമാണം കഴിഞ്ഞു. ഇവിടെ കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമുള്ള ഓട നിർമിക്കേണ്ടി വന്നതിനാലാണ് റോഡ് നിർമാണം നീണ്ടത്. മുടങ്ങിക്കിടന്നിരുന്ന ബേക്കറി ജങ്ഷൻ - ഫോറസ്റ്റ് ഓഫീസ് റോഡിന്‍റെ ടാറിങ്ങും ഈ ആഴ്ച പൂർത്തിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.