തിരുവനന്തപുരം: രണ്ടാം ഭാര്യയെ വീട്ടു മുറ്റത്തുവെച്ച് കുത്തിക്കൊന്ന കേസില്‍ വയോധികന് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.
തിരുവല്ലം, മേനിലം, തിരുവഴിമുക്ക്, സൗമ്യ കോട്ടേജില്‍ ജഗദമ്മയെ (82) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അപ്പുകുട്ടന്‍ എന്ന് വിളിക്കുന്ന ബാലാനന്ദനെയാണ് (89) നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ ശിക്ഷിച്ചത്.
ആദ്യ ഭാര്യയിലെ മകളുടെ മുന്നില്‍വെച്ചാണ് ബാലാനന്ദന് ജഗദമ്മയെ കുത്തിക്കൊന്നത്. 2022 ഡിസംബര്‍ 22-ന് വൈകീട്ട് 3.15-നാണ് കൊലപാതകം നടന്നത്.
ബാലാനന്ദന്റെ ആദ്യ ഭാര്യയിലെ മകളായ സൗമ്യയുടെയും അയല്‍വാസികളുടെയും മൊഴിയും ഇതേവീട്ടിലെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങളുമാണ് കേസില്‍ നിര്‍ണായ തെളിവുകളായത്.
പ്രതിയായ ബാലാനന്ദന് കള്ളുഷാപ്പ് കരാറുകാരനായിരുന്നു. ഇയാളുടെ ആദ്യഭാര്യയായ കമലമ്മയില്‍ സൗമ്യ, ജയചന്ദ്രന്, ലത എന്നീ മക്കളുണ്ടായിരുന്നു.
ആദ്യഭാര്യയുള്ളപ്പോഴാണ് കൊല്ലപ്പെട്ട ജഗദമ്മയെ രണ്ടാം ഭാര്യയായി വീട്ടില്‍ താമസിപ്പിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ആദ്യ ഭാര്യ മരിച്ചിരുന്നു.തുടര്‍ന്ന് മകള്‍ സൗമ്യയും രണ്ടാം ഭാര്യ ജഗദമ്മയും മാത്രമാണ് ബാലാനന്ദനൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്.
ആദ്യഭാര്യയിലെ മക്കളായ ജയചന്ദ്രനും, ലതയും വീട്ടിലെത്തിയാല്‍ ജഗദമ്മ ഇവരെ സത്കരിക്കാറുണ്ട്. എന്നാല്‍ ഇതിനെ ബാലാനന്ദന് എതിര്‍ത്തിരുന്നു. ഇതിനെ ചൊല്ലി ജഗദമ്മയും ബാലാനന്ദനുമായി വഴക്കുണ്ടായിണ്ടുണ്ട്.
മക്കളില്ലാതിരുന്ന ജഗദമ്മ ജയചന്ദ്രനെയും ലതയെയും വീട്ടില്‍ കയറ്റിയതിലുള്ള വൈരാഗ്യത്തിലാണ് മകള്‍ സൗമ്യയും അയല്‍വാസികളും ബന്ധുക്കളുമായ കൃഷ്ണരാജ്, ലതിക, ലേഖരാജ് എന്നിവരും നോക്കിനില്‍ക്കെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
സൗമ്യയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന കത്തിയുപയോഗിച്ചായിരുന്നു കൊലപാതകം. ജഗദമ്മയുടെ ഹൃദയത്തിലും വയറ്റിലും കരളിലുമായി അഞ്ച് പ്രാവശ്യമാണ് പ്രതി കുത്തിയത്. സംഭവത്തെ തുടര്‍ന്ന് തിരുവല്ലം പോലീസ് എത്തിയാണ് കുത്തേറ്റ് നിലത്തുവീണ് കിടന്ന ജഗദമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജഗദമ്മ മരിച്ചിരുന്നു.
കൊലപാതകം നടത്തുമ്പോള്‍ പ്രതിയായ ബാലാനന്ദന് 87 വയസായിരുന്നു. സംഭവദിവസം തന്നെ പ്രതിയെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കിയിരുന്നു.
പ്രതി സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരവെയാണ് വിചാരണ നേരിട്ടത്. ജുഡീഷ്യല്‍ കസ്റ്റിയില്‍ കഴിയുന്നതിനിടെ ഒരിക്കല്‍പോലും പ്രതിയെ ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളെത്തിയിരുന്നില്ല.
പ്രതിയെ ജീവപര്യന്തം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയും അടയ്ക്കാനാണ് കോടതി വിധിച്ചത്. വിധിയെ തുടര്‍ന്ന് പ്രതിയുടെ അഭിഭാഷകന് ശിക്ഷയില്‍ ഇളവുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. പ്രതിയുടെ പ്രായവും കാഴ്ച കുറവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവുവരുത്തണമെന്ന് പ്രതിഭാഗം അഭിഭാഷകന് ആവശ്യപ്പെട്ടു.
എന്നാല്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 10 പ്രകാരം പ്രതി പുരുഷനാണെങ്കില്‍ പ്രായം കണക്കിലെടുക്കരുതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പാറശാല എ. അജികുമാര്‍ വാദിച്ചു. ശിക്ഷാവിധി കേട്ട പ്രതി കോടതിയ്ക്ക് മുന്നില്‍ തൊഴുതുനില്‍ക്കുക മാത്രമാണ് ചെയ്തത്.
നേരത്തെ വിചാരണ വേളയില്‍ പ്രതി കുറ്റം സമ്മതിക്കുകയും അപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്തു പോയതാണെന്ന് പറയുകയും ചെയ്തിരുന്നു.
പ്രതി അന്‍പതിനായിരം രൂപ പിഴ അടയ്ക്കുന്നില്ലെങ്കില്‍ ആറു മാസംകൂടി കഠിന തടവ് അനുഭവിക്കണമെന്നും അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ വിധിച്ചു.
നാല് ദൃസാക്ഷികളെയും 20 സാക്ഷികളെയുമാണ് പ്രോസിക്യൂഷന് കോടതിയില്‍ വിസ്തരിച്ചത്. ദൃക്സാക്ഷികളായി പ്രതിയുടെ മകള്‍ സൗമ്യയും അയല്‍വാസികളായ കൃഷ്ണരാജ്, ലതിക, ലേഖരാജ് എന്നിവരാണുണ്ടായിരുന്നത്.
ഇവരുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമായി. ഇതിന് പുറമെ വേറെ 20 സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ പ്രതിയുടെ ആദ്യഭാര്യ കമലമ്മയുടെ മകന് ശിവന്‍കുട്ടിയും ഉള്‍പ്പെടുന്നു.
ഇതിന് പുറമെ കൊലപാതകം നടക്കുമ്പോള്‍ പ്രതിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങളും തെളിവായി കോടതി പരിഗണിച്ചു. 32 രേഖകളും കേസില്‍പ്പെട്ട 18 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.
തിരുവല്ലം പോലീസ് ഇന്‍സ്പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബല്‍ക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ. അജികുമാര്‍ ഹാജരായി.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകല കോര്‍ട്ട് ലെയ്സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. പ്രോസിക്യുഷന് ഭാഗം 24 സാക്ഷികളെ വിസ്തരിച്ചു. 32 രേഖകളും, കേസില്‍ പെട്ട 18 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.