മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ തിരച്ചിൽ നിലച്ചമട്ടിൽ. തിരച്ചിൽ നടത്തിയിരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കടക്കം ഭക്ഷണം നൽകിയിരുന്ന കമ്യൂണിറ്റി കിച്ചന്‍ അടച്ചു. കേന്ദ്ര- സംസ്ഥാന സേനകളിലെ ഭൂരിപക്ഷം പേരെയും മടക്കി വിളിച്ചിരിക്കുകയാണ്.
പിന്നാലെ സന്നദ്ധ പ്രവർത്തകരും ഏറക്കുറെ സ്ഥലം വിട്ടു. പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കാന്‍ രണ്ട് ജെസിബികളുമായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ദുരന്തഭൂമിയില്‍ അവശേഷിക്കുന്നത്.
ഔദ്യോഗികമായി സർക്കാർ തിരച്ചിൽ അവസാനിപ്പിച്ചിട്ടില്ല. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ കാര്യമായ തിരച്ചിലൊന്നും നടക്കുന്നുമില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് ദുരന്തമുഖത്ത് നടത്തിയിരുന്ന ജനകീയ തിരച്ചിലും വിദഗ്ധ പരിശീലനം നേടിയവരടങ്ങുന്ന സംഘവുമായി ചാലിയാറില്‍ നടത്തിയ തിരച്ചിലും അധികൃതര്‍ നിര്‍ത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൃതദേഹങ്ങളോ, ശരീരഭാഗങ്ങളോ കണ്ടെത്താന്‍ കഴിയാത്തത് തിരച്ചിലവസാനിപ്പിക്കാന്‍ കാരണമായെന്നാണ് വിലയിരുത്തൽ.
സർക്കാർ കണക്കനുസരിച്ച് 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. മൃതദേഹ ഭാഗങ്ങൾ പലതും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ചെളി പൂർണമായും ഉറച്ചതോടെ തിരച്ചിൽ നടത്തുകയെന്നതു പ്രയാസകരമായി.
ദുരിത ബാധിതരായവരെയും നാട്ടുകാരെയും ഉൾപ്പെടുത്തി ഏതാനും ദിവസം ജനകീയ തിരച്ചിൽ നടത്തിയിരുന്നു. പലരുടെയും വീടിരുന്ന ഭാഗത്ത് വലിയ കല്ലുകൾ മാത്രമാണ് അവശേഷിക്കുന്നത്.
മാനസികമായി തകർന്ന ഇവർ കാര്യമായ തിരച്ചിലിനൊന്നും നിൽക്കാതെ മടങ്ങുകയാണ്. ജനകീയ തിരച്ചിൽ പൂർത്തിയായതോടെയാണ് സേനാംഗങ്ങളെ തിരിച്ചു വിളിച്ചത്. ഇതിന് പിന്നാലെ സന്നദ്ധ പ്രവർത്തകരും മടങ്ങുകയായിരുന്നു.
തകർന്ന വീടുകളിൽ നിന്ന് ഉപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾ എടുക്കാൻ ചിലർ മുണ്ടക്കൈയിലേക്കും ചൂരൽമലയിലേക്കും എത്തുന്നുണ്ട്. മറ്റാരും തന്നെ വരുന്നില്ല. ദുരന്തഭൂമി സന്ദർശിക്കാൻ എത്തുന്നവർക്ക് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി.
ഇരുനൂറ്റിയമ്പതോളം കുടുംബങ്ങൾ ഇപ്പോഴും ക്യാംപിലാണ്. ഇവർക്ക് വാടക വീടുകൾ കണ്ടെത്താൻ സാധിച്ചില്ല. വലിയ വാടകയും അഡ്വാൻസ് തുകയും ആവശ്യപ്പെടുന്നതാണ് വീടുകൾ കണ്ടെത്തുന്നതിന് പ്രയാസം.
6,000 രൂപയാണ് വാടക ഇനത്തിൽ സർക്കാർ ഒരു കുടുംബത്തിന് അനുവദിക്കുന്നത്. ഈ തുകയ്ക്ക് വാടക വീട് ലഭിക്കാൻ പ്രയാസമാണ്. ഇതോടെ എങ്ങോട്ട് പോകുമെന്നറിയാതെ കുഴങ്ങുകയാണ് ക്യാംപിൽ കഴിയുന്നവർ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.