കൊല്ലം: ‘‘ഇവരെന്നെ ചതിക്കുകയായിരുന്നു, കൊലപാതകത്തിൽ പങ്കില്ല’’ –ബിഎസ്എൻഎൽ മുൻ ഉദ്യോഗസ്ഥൻ കൈരളി നഗർ കുളിർമയിൽ സി.പാപ്പച്ചനെ കാറിടിച്ചു കൊലപ്പെടുത്തിയ സ്ഥലത്ത് പ്രതികളുമായെത്തി അന്വേഷണ സംഘം തെളിവെടുപ്പു നടത്തുന്നതിനിടെ രണ്ടാം പ്രതി മാഹിൻ പൊട്ടിക്കരഞ്ഞു.
പാപ്പച്ചനെ റോഡിലേക്ക് വിളിച്ചുകൊണ്ടുവന്ന് ക്വട്ടേഷൻ സംഘത്തിന്റെ വാഹനത്തിന് അടുത്തേക്ക് എത്തിച്ചത് മാഹിൻ ആണെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ മാഹിൻ ഇത് നിഷേധിച്ചു. സാംസ്കാരിക സമുച്ചയത്തിനു മുന്നിലുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ വച്ച് വഴിപോക്കരാണ് വാഹനാപകടം നടന്നെന്നു തന്നോട് പറയുന്നതെന്ന് മാഹിൻ പൊലീസിനോട് പറഞ്ഞു.
പാപ്പച്ചൻ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പാപ്പച്ചനെ ആംബുലൻസിൽ കയറ്റിയെന്നും മാഹിൻ പറഞ്ഞു. മാഹിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഗൂഢാലോചനയുടെ മുഖ്യ ആസൂത്രക മൂന്നാം പ്രതിയും ബാങ്കു മാനേജരുമായിരുന്ന സരിത ചോദ്യം ചെയ്യലിൽ ഒട്ടും കൂസാതെയാണ് നിന്നത്. ഒന്നാംപ്രതി അനിമോനും കൂസലില്ലായിരുന്നു.
മേയ് 23ന് അപകടത്തിൽപെട്ട പാപ്പച്ചൻ പിറ്റേന്നാണ് മരിക്കുന്നത്. 27ന് ആയിരുന്നു സംസ്കാരം. കൊല്ലത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം 27ന് രാവിലെ ശങ്കേഴ്സ് ആശുപത്രിക്കു പിന്നിലെ വീട്ടിലും പിന്നീട് പന്തളം കുടശ്ശനാട്ടും എത്തിച്ചതിനു ശേഷമാണ് സംസ്കരിച്ചത്. പ്രതികളിൽ ആരൊക്കെ അവിടെ എത്തിയിരുന്നുവെന്നും അവർ പരസ്പരം സംസാരിച്ചിരുന്നുവോയെന്നും പരിശോധിക്കും.
പ്രതി മാഹിൻ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. പൂക്കൾ വാങ്ങാനും സഹായത്തിനുമെല്ലാം മുന്നിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം പാപ്പച്ചന്റെ ബന്ധുക്കളും സുഹൃത്തുക്കളും അല്ലാതെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർ ആരെല്ലാമെന്നും പൊലീസ് പരിശോധിക്കുന്നു. അനിമോൻ, മാഹിൻ എന്നിവരുമായി ബന്ധമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള ആരെങ്കിലും ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണിത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.