തിരുവനന്തപുരം: പശ്ചിമഘട്ടത്തിനടുത്തുള്ള പരിസ്ഥിതിലോല പ്രദേശങ്ങളെ നിശ്ചയിക്കുന്ന കേന്ദ്രവിജ്ഞാപനം സംസ്ഥാനങ്ങളുടെ എതിര്‍പ്പുകാരണം അനിശ്ചിതത്വത്തില്‍ തുടരുന്നു.
അഞ്ചാമത്തെ കരടു വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. വൈകാതെ ആറാമത് വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് വിവരം. 2014 മാര്‍ച്ചിലാണ് ആദ്യത്തെ വിജ്ഞാപനം ഇറങ്ങിയത്.
കേരളമടക്കം ആറു സംസ്ഥാനങ്ങളിലായി 16,000 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട പ്രദേശം ഹിമാലയ നിരകള്‍ കഴിഞ്ഞാല്‍ രാജ്യത്തേറ്റവുമധികം മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലയാണ്.
നാലായിരത്തിലധികം ഇനം സസ്യങ്ങളുണ്ട് ഇവിടെ, രാജ്യത്തെ മൊത്തം സസ്യവൈവിധ്യത്തിന്റെ 27 ശതമാനം. ഇതു സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരടു വിജ്ഞാപനം 2014-ല്‍ പുറത്തിറക്കിയത്.
ഇ.എസ്.എ എന്ന സംരക്ഷണം ലഭിച്ചാല്‍ വനനശീകരണവും പാറപൊട്ടിക്കലും നിര്മാണപ്രവര്ത്തനങ്ങളുമടങ്ങുന്ന പരിസ്ഥിതിക്ക് വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ ഒരുപരിധി വരെ തടയാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. പക്ഷേ, ഗോവയും മഹാരാഷ്ട്രയും പരിസ്ഥിതിലോല മേഖലയുടെ (ഇ.എസ്.എ) പരിധിയില്‍ വരുന്ന സ്ഥലത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കര്‍ണാടക കരടു തന്നെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം.
കേരളവും കരടു വിജ്ഞാപനത്തെ എതിര്‍ത്തിരുന്നു, ഭേദഗതികള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇതേ കാര്യം പഠിക്കുന്ന പുതിയൊരു സമിതിയുടെ റിപ്പോര്‍ട്ടിനു കാക്കുകയാണ് കേന്ദ്രം. വനങ്ങളുടെ ഡയറക്ടര്‍ ജനറലായിരുന്ന സഞ്ജയ് കുമാര്‍ അധ്യക്ഷനായ സമിതിയോട് കരടു വിജ്ഞാപനം വന്ന ശേഷം കീഴേത്തട്ടിലുള്ള പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്.
മിക്കവാറും സെപ്തംബറോടെ സമര്‍പ്പിച്ചേക്കും. അപ്പോഴെങ്കിലും ഇ.എസ്.എ വിസ്തൃതിയുടെ കാര്യത്തില്‍ സമവായമുണ്ടാകുമോയെന്നത് കണ്ടറിയണം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കരടു വിജ്ഞാപനം നിയമമായാല്‍ അത് കേരളത്തിന്റെ പരിസ്ഥിതിക്ക് കനത്ത തിരിച്ചടിയാവുമെന്ന് ഡോ.വി.എസ്.വിജയന് പറയുന്നു. ഡോ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) യില്‍ അംഗമായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കര്‍ കേരളത്തിലെത്തിയപ്പോള്‍ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചിരുന്നു. 'എന്റെ കൈകള്‍ കൂട്ടിപ്പിടിച്ച് അദ്ദേഹം വേണ്ടതു ചെയ്യാമെന്നു പറഞ്ഞപ്പോള്‍ സന്തോഷമായി. പക്ഷേ, ഒരു മാറ്റവുമുണ്ടായില്ല,' വിജയന് പറയുന്നു.
ഈ റിപ്പോര്‍ട്ട് 'വികസന'പ്രേമികള്‍ക്ക് മാത്രമേ ഗുണകരമാവൂ. ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ 64 ശതമാനം ഇ.എസ്.എ ആക്കണമെന്ന് വാദിച്ചപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ 37 ശതമാനം മതി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പ്രശ്നസാധ്യതയുണ്ടെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്ന സ്ഥലമാണ് മുണ്ടക്കൈ. അവിടെത്തന്നെ ദുരന്തമുണ്ടായി എന്നു കാണുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കാലാവസ്ഥാമാറ്റം ലോകമെമ്പാടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാലത്ത് വേണ്ട പ്രതിരോധം തീര്‍ക്കാന്‍ നമുക്കാവണം. പരിസ്ഥിതി സംരക്ഷണമാണ് അതിനുള്ള വഴി. ഈ രണ്ടു റിപ്പോര്‍ട്ടുകളും പുനഃപരിശോധിക്കുകയാണ് വേണ്ടത്- വിജയന് വ്യക്തമാക്കുന്നു. പ്രശ്നം പാര്‍ലമെന്റിലുന്നയിക്കാന്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് വിശദമായ കത്തു നല്കാന് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.
2011-ല്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട മേഖലയെ ഒന്നാകെ പരിസ്ഥിതിലോല പ്രദേശമായി വിജ്ഞാപനം ചെയ്യാനും 64 ശതമാനം സ്ഥലത്തെ പരിസ്ഥിതിലോല മേഖല (ഇ.എസ്.എ) ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ വേര്‍തിരിക്കാനും ശുപാര്‍ശ ചെയ്തു. ഒരു മേഖലയിലും ജനിതകമാറ്റം വരുത്തിയ വിളകള്‍ അനുവദിക്കരുത്, പ്ലാസ്റ്റിക് സഞ്ചികള്‍ വിലക്കണം, പ്രത്യേക സാമ്പത്തിക മേഖലകള്‍ അനുവദിക്കരുത്, പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം തുടങ്ങിയവയായിരുന്നു മറ്റു നിര്‍ദേശങ്ങള്‍. പരിസ്ഥിതി കാര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും മണല്‍ക്കൊള്ളയും പാറപൊട്ടിക്കലും തടയാനും ജലവൈദ്യുത പദ്ധതികള്‍ നിരുത്സാഹപ്പെടുത്താനും ശുപാര്ശയുണ്ടിതില്.
പക്ഷേ, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ കേന്ദ്രം 2012-ല്‍ മുന്‍ ഐ.എസ്.ആര്.ഒ മേധാവി ഡോ.കെ.കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഒരു ഉന്നതതല പ്രവര്‍ത്തന സമിതിയെ വെച്ചു, പുതിയതൊന്നുണ്ടാക്കാന്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു പ്രകാരം 37 ശതമാനം മതി സംരക്ഷിതമേഖല.
ഇത്തരത്തില്‍ നേര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിനെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂടുതല്‍ ദുര്‍ബലമാക്കിയെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ 13,108 ചതുരശ്ര കിലോമീറ്റര്‍ ഇ.എസ്.എയില്‍ പെടുത്തണമായിരുന്നു. പക്ഷേ, ഇത് 9,993.7 ച.കി.മീ ആയി കുറയുകയാണുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.