ന്യൂഡൽഹി: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജിവച്ച് രാജ്യം വിടേണ്ട അവസ്ഥ വന്നിരിക്കുകയാണ്. രാജ്യത്തിന്റെ സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നാലെയാണ്. ഷെയ്ഖ് ഹസീന ഇപ്പോൾ ഇന്ത്യയിലാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഷെയ്ഖ് ഹസീനയുടെ ബംഗ്ലാദേശ് യുഗം അവസാനിച്ചത് ഇന്ത്യയ്ക്ക് ഗുണങ്ങളും ദോഷങ്ങളും ചെയ്തും. അതിർത്തി മുതൽ വ്യവസായ മേഖല വരെ വലിയ മാറ്റങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടി വരും.
ബംഗ്ലാദേശിലെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക ഇന്ത്യയിലെ ടെക്സ്റ്റൽ മേഖലയിലാണ്. ലോക വിപണിയിലേക്കുള്ള കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് ബംഗ്ലാദേശാണ്. വസ്ത്ര നിർമ്മാണവും കയറ്റുമതിയുമാണ് ബംഗ്ലാദേശിന്റെ പ്രധാന വരുമാനം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുന്നേറാൻ സഹായിച്ചതും ഈ മേഖല തന്നെ. കയറ്റുമതിയുടെ 85 ശതമാനവും ടെക്‌സ്റ്റൈൽ മേഖലയിൽ നിന്നുതന്നെ.
എന്നാൽ ഇപ്പോൾ ഉടലെടുത്ത പ്രതിസന്ധി ബംഗ്ലാദേശിനെ മാത്രം ആശ്രയിച്ച ടെക്സ്റ്റൈൽ വിപണികൾ ഇന്ത്യയെ ലക്ഷ്യമാക്കിയെത്തും. ബംഗ്ലാദേശിന്റെ കയറ്റുമതിയുടെ 10 മുതൽ 11 ശതമാനം തിരുപ്പൂർ പോലുള്ള ഇന്ത്യൻ ടെക്‌സ്റ്റൈൽ ഹബ്ബുകളിലേക്ക് വഴിതിരിച്ചുവിട്ടാൽ പ്രതിമാസം 300 മുതൽ 400 മില്യൺ ഡോളറിന്റെ അധിക ബിസിനസ് നേടിയെടുക്കാൻ സാധിക്കുമെന്ന് വ്യവസായ രംഗത്തെ വിദഗ്ധർ പറയുന്നു.
'തിരുപ്പൂരിലേക്ക് കൂടുതൽ ഓർഡറുകൾ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ പത്ത് ശതമാനം വരെ വളർച്ച ബിസിനസിൽ പ്രതീക്ഷിക്കാം'- തിരിപ്പൂർ എക്സ്‌പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം സുബ്രഹ്മണ്യൻ പറഞ്ഞു
.3.5 മുതൽ 3.8 ബില്യൺ ഡോളറിന്റെ വസ്ത്ര കയറ്റുമതിയാണ് ഓരോ മാസവും ബംഗ്ലാദേശിൽ നടക്കുന്നത്. യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിലും യുകെയിലേക്കുമാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്. അമേരിക്കയിൽ മാത്രം 10 ശതമാനം വിപണി വിഹിതമുണ്ട്.
എന്നാൽ ഇന്ത്യ ഓരോ മാസവും കയറ്റി അയക്കുന്നത് 1.5 ബില്യൺ ഡോളറിന്റെ വസ്ത്രങ്ങൾ മാത്രമാണ്. ബംഗ്ലാദേശിന്റെ ഈ പ്രതിസന്ധി ഇന്ത്യയ്ക്ക് മുതലെടുക്കാൻ സാധിക്കുമെന്നാണ് ഈ രംഗത്തുള്ളവർ വിശ്വസിക്കുന്നത്. 300 മുതൽ 400 മില്യൺ ഡോളർ അധിക ഓർഡറുകൾ ഉടനടി കൈകാര്യം ചെയ്യാനുള്ള ശേഷി ഞങ്ങൾക്കുണ്ടെന്ന് ഇന്ത്യൻ ടെക്സ്പ്രണേഴ്സ് ഫെഡറേഷന്റെ സെക്രട്ടറി പ്രഭു ദാമോദരൻ പറഞ്ഞു.
2023ൽ ഇന്ത്യ 47 ബില്യൺ ഡോളറിന്റെ വസ്ത്ര കയറ്റുമതിയാണ് നടത്തിയത്. ഇത്തവണ അത് 50 ബില്യൺ ഡോളറിലേക്ക് എത്തിക്കാനാവുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതേസമയം, ബംഗ്ലാദേശിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ വസ്ത്ര നിർമാണ യൂണിറ്റുകൾ ഉടൻ ഇന്ത്യയിലേക്ക് മാറ്റിയേക്കാനുള്ള സാദ്ധ്യതയുണ്ട്.
ട്രേഡ് പോളിസി അനലിസ്റ്റ് എസ് ചന്ദ്രശേഖരൻ പറയുന്നതനുസരിച്ച്, ബംഗ്ലാദേശിൽ ഏകദേശം 25 ശതമാനം യൂണിറ്റുകളും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലാണ്. ഷാഹി എക്സ്‌പോർട്ട്സ്, ഹൗസ് ഓഫ് പേൾ ഫാഷൻസ്, ജയ് ജെയ് മിൽസ്, ടിസിഎൻഎസ്, ഗോകുൽദാസ് ഇമേജസ്, അമ്പത്തൂർ ക്ലോത്തിംഗ് തുടങ്ങിയ കമ്പനികൾ അവയിൽ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.