ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യയെങ്കിലും ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കോളനിയുടെ വിധേയപ്രദേശങ്ങളായാണ് ഇന്ന് സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ നോക്കിക്കാണുന്നതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി.
രാജ്യസഭയില്‍ ധനബില്ലിന്മേലുള്ള ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രത്യേക പദവിയൊന്നും വേണ്ടന്നും ഭരണഘടന അനുശാസിക്കുന്ന സാധാരണ പദവി മതി എന്നും എം പി രാജ്യസഭയില്‍ അഭിപ്രായപ്പെട്ടു. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അല്‍പ്പം പരിഗണന നല്‍കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിച്ചു.സംസ്ഥാനങ്ങളുടെ വരുമാനത്തെ ശുഷ്കമാക്കി കേന്ദ്രം എങ്ങനെയാണ് വിഭവസമാഹരണം നടത്തുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. 2019-20ല്‍ സെസ്സും സർചാർജ്ജുമായി കേന്ദ്രം സമാഹരിച്ചത് 2,54,544.78 കോടി രൂപയാണെങ്കില്‍ 2023-24ല്‍ അത് 5,00,000 കോടി രൂപയ്ക്ക് മേലായി ഉയർന്നു. 96.81 ശതമാനത്തിന്റെ വർധനവാണിത്. സെസ്സും സർചാർജും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടതല്ലാത്ത ഇനങ്ങള്‍ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
സാധാരണ നികുതി ഇനത്തിലാണ് സമാഹരണം എങ്കില്‍ അതിന്റെ 41% സംസ്ഥാനങ്ങള്‍ക്ക് അർഹതപ്പെട്ടതാണ്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് നികുതി ചുമത്തിയത് കൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വില എപ്പോഴും ഉയർന്നു നില്‍ക്കുന്നത് എന്നാണ് കേന്ദ്രം പഴി പറയാറ്.
2023-24ല്‍ 4,32,394 കോടി രൂപയാണ് നികുതി ഇനത്തില്‍ കേന്ദ്രത്തിന് ലഭിച്ചത്. അതേസമയം പ്രസ്തുത വർഷം എല്ലാ സംസ്ഥാനങ്ങളും ചേർന്ന് നികുതി ഇനത്തില്‍ ഉണ്ടാക്കിയത് 3,18,762 കോടി രൂപയും.
നൂറ് വ്യവസായ പാർക്കുകള്‍ അടക്കം ബജറ്റില്‍ വ്യവസായ ഇടനാഴികള്‍ പലതും പ്രഖ്യാപിച്ചിട്ടും ഭൂമി ഏറ്റെടുത്ത് കാത്തിരിക്കുന്ന കൊച്ചി-ബാംഗ്ലൂർ നിർദ്ദിഷ്ട ഇടനാഴി പരിഗണിച്ചില്ല. ഒരു വ്യവസായ പാർക്ക് പോലും കേരളത്തിന് നല്‍കില്ല.
പ്രകൃതിക്ഷോഭ ആശ്വാസത്തിന്റെ കാര്യത്തില്‍ ആസാം, ബിഹാർ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ബജറ്റില്‍ പരിഗണന ലഭിച്ചത്. ഹിമാചല്‍ ഒഴികെ ബാക്കിയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.
കേരളത്തിലെ ജനങ്ങളോട് നീതി പുലർത്തണമെങ്കില്‍ വയനാട് ദുരന്തത്തെ തീവ്രതയുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം ഉറപ്പുവരുത്തുക. ഈ പ്രഖ്യാപനം നടത്താതെ പ്രധാനമന്ത്രി വയനാട് നിരീക്ഷണത്തിന് പോകുന്നതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ലെന്നും ജോണ്‍ ബ്രിട്ടാസ് കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.