ന്യൂഡല്‍ഹി: സംഭവം നടന്ന് അഞ്ചാം ദിവസമാണ് തങ്ങള്‍ അന്വേഷണം ഏറ്റെടുക്കുന്നതെന്നും, അപ്പോഴേക്കും എല്ലാം മാറ്റിമറിച്ചിരുന്നതായി കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ സിബിഐ സുപ്രീംകോടതിയെ അറിയിച്ചു.
അതുകൊണ്ടു തന്നെ അന്വേഷണം വെല്ലുവിളിയാണ്. ഡോക്ടറുടെ സംസ്‌കാരം നടന്നശേഷം രാത്രി 11.45 നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നും സിബിഐ കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജരായത്. ഇതുവരെയുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു.ഡോക്ടറുടെ കൊലപാതകത്തില്‍ കൊല്‍ക്കത്ത പൊലീസ് രേഖപ്പെടുത്തിയ തീയതിയും സമയവും, അന്വേഷണത്തില്‍ വരുത്തിയ വീഴ്ചകളും അടക്കം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം മൂടിവെക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
കൂട്ടബലാത്സംഗം നടന്നതിന് തെളിവു ലഭിച്ചിട്ടില്ല. കൊലപാതകം നടന്നതിനുശേഷം മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട്. തെളിവു നശിപ്പിക്കാനുള്ള ശ്രമവും മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ഓഗസ്റ്റ് 14 ന് കൊലപാതകം നടന്ന മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം തെളിവുകള്‍ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ട്.
സംഭവം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പന്‍ സന്ദീപ് ഘോഷിന് മെഡിക്കല്‍ കോളേജിലെ നിരവധി സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധമുണ്ട്. മെഡിക്കല്‍ കോളജില്‍ നിരീക്ഷണ കാമറകള്‍ വാങ്ങുന്നതിന് പകരം, മുന്‍ പ്രിന്‍സിപ്പല്‍ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്നും സിബിഐ കോടതിയെ അറിയിച്ചു.
കൊലപാതകം അസ്വാഭാവിക മരണമായി റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കാൻ വൈകിയതിൽ കൊൽക്കത്ത പൊലീസിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു.
പോസ്റ്റ്‍മോർട്ടത്തിനു ശേഷം മാത്രമാണ് അസ്വാഭാവിക മരണമെന്ന് കാണിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരണം അസ്വാഭാവികമല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് അയച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു.
വൈകിട്ട് 6.10ന് ആരംഭിച്ച പോസ്റ്റ്‍മോർട്ടം 7.10നാണ് അവസാനിച്ചത്. അതിനുശേഷം രാത്രി 11.30നാണ് മരണം അസ്വാഭാവികമെന്ന് രജിസ്റ്റർ ചെയ്തത്. പൊലീസ് എഫ്ഐആർ ഫയൽ ചെയ്തത് 11.40നും. പോസ്റ്റ്‍മോർട്ടത്തിനു ശേഷം അസ്വാഭാവിക മരണമെന്ന് രജിസ്റ്റർ ചെയ്തത് അദ്ഭുതപ്പെടുത്തുന്നു.
ഇതാണ് ശരിയെങ്കിൽ അപകടകരമായതെന്തോ സംഭവിച്ചിട്ടുണ്ട്. കോടതി അഭിപ്രായപ്പെട്ടു. പൊലീസിന്റെ ഇത്തരത്തിലൊരു കൃത്യവിലോപം പോലെയൊന്ന് കഴിഞ്ഞ 30 വർഷത്തിനിടെ കണ്ടിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും, സംഭവ ദിവസം വനിതാ ഡോക്ടർക്കൊപ്പം ജോലിയിൽ ഉണ്ടായിരുന്ന നാലു ഡോക്ടർമാരെയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയരാക്കാൻ സിബിഐയ്ക്ക് കൊൽക്കത്തയിലെ കോടതി അനുമതി നൽകിയിട്ടുണ്ട്.
വനിതാ ഡോക്ടർ കൊല്ലപ്പെടുന്നതിനു മുമ്പ് നാലു ഡോക്ടർമാർക്കൊപ്പം അത്താഴം കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെയും പോളിഗ്രാഫ് ടെസ്റ്റ് നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.