കൊല്‍ക്കത്ത: ആർജി കർ മെഡിക്കല്‍ കോളേജില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിസംഘടനകളുടെ പ്രതിഷേധ മാർച്ച് ഇന്നു നടക്കും. മാർച്ച് ആഹ്വാനം ചെയ്തതിനെ തുടർന്ന് കൊല്‍ക്കത്ത നഗരം വൻ സുരക്ഷാ വലയത്തിലാണ്. സുരക്ഷയ്ക്കായി 6000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.ബംഗാള്‍ സെക്രട്ടറിയേറ്റിലേക്കാണ് വിദ്യാർത്ഥികള്‍ പ്രതിഷേധ മാർച്ച് നടത്തുന്നത്. മാർച്ച് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുൻപ് തടയാനാണ് കൊല്‍ക്കത്ത പൊലീസിന്റെ നീക്കം.
കൊല്‍ക്കത്ത പൊലീസിനും ഹൗറ സിറ്റി പൊലീസിനും പുറമെ കോംബാറ്റ് ഫോഴ്സ്, ഹെവി റേഡിയോ ഫ്ളയിങ് സ്ക്വാഡ്, ആർ.പി.എഫ് എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. മാർച്ചിനിടെ അക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.
മാർച്ച് നിയമവിരുദ്ധമാണെന്ന അറിയിച്ച പോലീസ് മാർച്ചില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുൻകരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതേസമയം, റാലി സമാധാനപരമായിരിക്കുമെന്നാണ് വിദ്യാർത്ഥി സംഘടന നേതാക്കള്‍ അറിയിച്ചിട്ടുള്ളത്.
സെക്രട്ടേറിയറ്റിലേക്ക് ഒരു മാർച്ചിനും അനുമതി നല്‍കിയിട്ടില്ലെന്ന് എഡിജി (ദക്ഷിണ ബംഗാള്‍) സുപ്രതിം സർക്കാർ നബന്നയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. മാർച്ച് സംഘടിപ്പിച്ച ഒരു വിദ്യാർത്ഥി നേതാവ് ഞായറാഴ്ച കൊല്‍ക്കത്തയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് ഒരു പ്രമുഖ രാഷ്ട്രീയ വ്യക്തിയെ കണ്ടുവെന്നും ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, വിദ്യാർത്ഥി സംഘടനാ നേതാക്കളിലൊരാളായ സയൻ ലാഹിരി അത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് നിഷേധിച്ചു. പശ്ചിമ ബംഗാളിലെ വിദ്യാർത്ഥികളുടെ തികച്ചും അരാഷ്ട്രീയമായ പ്രതിഷേധ മാർച്ചാണിത്.
ഇതില്‍ ഒരു രാഷ്ട്രീയ ബന്ധവും കണ്ടെത്താൻ ശ്രമിക്കരുത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉന്നത നേതാക്കളോട് മാർച്ചില്‍ നിന്ന് വിട്ടുനില്‍ക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ മാർച്ചില്‍ നിന്ന് ഒരു രാഷ്ട്രീയ പാർട്ടിക്കും നേട്ടമുണ്ടാകാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
ഓഗസ്റ്റ് ഒമ്പതിനായിരുന്നു ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. സംഭവത്തില്‍, പ്രതിയായ സിവിക് വൊളണ്ടിയര് സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.