കൊല്‍ക്കത്ത: വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസില്‍ നടത്തിയ നുണപരിശോധനയില്‍ പുതിയ അവകാശവാദവുമായി പ്രതി സഞ്ജയ് റോയി. സെമിനാർ ഹാളില്‍ എത്തിയപ്പോള്‍ ഇര മരിച്ചു കിടക്കുന്നതായി കണ്ടു.
ഭയപ്പെട്ട താൻ അവിടെ നിന്നും ഓടിപ്പോകുകയായിരുന്നു. കൃത്യം നടക്കുമ്പോള്‍ താൻ അവിടെ ഇല്ലെന്ന തരത്തില്‍ ഒന്നിലധികം അവകാശവാദങ്ങള്‍ നുണപരിശോധയില്‍ പ്രതി നിരത്തി. ചോദ്യം ചെയ്യലിൻ്റെ സമയം സഞ്ജയ് റോയ് അസ്വസ്ഥനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.കൊല്‍ക്കത്തയിലെ പ്രസിഡൻസി ജയിലില്‍ വച്ച് ഡല്‍ഹിയിലെ സെൻട്രല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് വിദഗ്ധരുടെ സംഘമാണ് നുണപരിശോധന നടത്തിയത്.
ബലാത്സംഗത്തെയും കൊലപാതകത്തെയും കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് നേരത്തെ ജയില്‍ ഗാർഡുകളോടും പറഞ്ഞിരുന്നു. സമാനമായ അവകാശവാദം സീല്‍ദയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും ഉന്നയിച്ചിരുന്നു.
എന്തുകൊണ്ടാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാകാൻ സമ്മതിച്ചത് എന്ന ചോദ്യത്തിനാണ് പ്രതി മുമ്പ് ഇത്തരത്തില്‍ മറുപടി നല്‍കിയത്. കൊല്‍ക്കത്ത പോലീസിനോട് കുറ്റം സമ്മതിച്ച പ്രതി പിന്നീട് സമർദ്ദത്തിന് വഴങ്ങിയാണ് കുറ്റമേറ്റതെന്ന് മാറ്റി പറയുകയായിരുന്നു.
ആശുപത്രിയിലെ സിവിക് പോലീസ് വോളണ്ടിയറായിരുന്ന സഞ്ജയ് റോയിക്കൊപ്പം മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ്, മറ്റ് നാല് ഡോക്ടർമാർ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരില്‍ രണ്ട് പേർ ഒന്നാം വർഷ പിജി വിദ്യാർത്ഥികളാണ്.
ഇവരുടെ വിരലടയാളം സെമിനാർ ഹാളില്‍ നിന്ന് കണ്ടെത്തിയിരുന്നു. 88 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മറുപടികളും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തപ്പെടാത്തതിനാലാണ് ഡോ. ഘോഷിനെ പരിശോധനക്ക് വിധേയമാക്കിയത്.
ആഗസ്റ്റ് 9ന് പുലർച്ചെയായിരുന്നു പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തില്‍ ലൈംഗികാതിക്രമം നടന്നതായി തെളിഞ്ഞിരുന്നു. തല, കവിളുകള്‍, ചുണ്ട്, മൂക്ക്, താടി, കഴുത്ത്, ഇടത് കൈ, തോള്‍, കാല്‍ മുട്ട്, കണങ്കാല്‍, സ്വകാര്യ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി 25 മുറിവുകളാണ് ഇരയുടെ ശരീരത്തില്‍ കണ്ടെത്തിയത്.
ഓഗസ്റ്റ് 10നാണ് സഞ്ജയ് റോയി അറസ്റ്റിലായത്. കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ ബ്ലൂ ട്യൂബ് ഹെഡ് സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് അറസ്റ്റിലേക്ക് നയിച്ചത്. കൃത്യം നടന്ന ദിവസം പുലർച്ചെ സഞ്ജയ് റോയ് ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സിബിഐ പുറത്തുവിട്ടിരുന്നു. മൃതദേഹത്തിനരികില്‍ നിന്നും കണ്ടെത്തിയ ഹെഡ് സെറ്റ് ആ സമയം ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് അതില്‍ വ്യക്തമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.