മലപ്പുറം: പണ്ടിക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ ഇന്ന് അവലോകന യോഗം ചേരും. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം.
അതിനിടെ മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വസമാണ്. ആറ് പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണം തുടരുകയാണ്.നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ ബന്ധുക്കൾക്കു രോഗലക്ഷണമില്ല. 14 കാരന്റെ സമ്പർക്കപ്പട്ടികയിൽ 330 പേരാണുള്ളത്. ഇവരിൽ 101 പേരെ ഹൈറിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68 പേർ ആരോഗ്യ പ്രവർത്തകരാണ്.
മരിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി വിവരമുണ്ട്. ഇവിടെ വവ്വാലിൻ്റെ സാന്നിധ്യവും സ്ഥിരീകരിച്ചു. പ്രദേശത്ത് വീടുകൾ കയറിയുള്ള സർവെ അടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐസിഎംആർ സംഘം കോഴിക്കോട്ടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്നിക്കൽ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികൾ, പരിശോധന, ചികിത്സ തുടങ്ങിയവയിൽ ഐസിഎംആർ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുമായി ചേർന്നു പ്രവർത്തിക്കും.
നിലവിൽ നിപ വൈറസ് ബാധ സംശയിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുള്ള 68കാരനെ ട്രാൻസിറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവ പരിശോധന നെഗറ്റീവാണ്. സ്രവ പരിശോധന കൂടുതൽ എളുപ്പമാക്കാൻ മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറി ഇന്ന് മെഡിക്കൽ കോളജിൽ എത്തിക്കും. ഇതോടെ ഫലം വേഗത്തിൽ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.